എക്സിറ്റ് പോളുകൾ എല്ലായ്പ്പോഴും ശരിയല്ല; ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരുമെന്നത് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേർത്തു. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടൽ. ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോൺഗ്രസ് ആണ് പറയേണ്ടത്, ലീഗ് അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ലീഗായിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു എന്നാണ് അർത്ഥം. അവിടെ മതാധിപത്യം ജയിക്കും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കളാണ്. ഇവരൊക്കെ അധികാരത്തിൽ വന്നാൽ എന്താവും അവസ്ഥ? കെ സി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണ്.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പോരായ്മകളുണ്ടായി എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പത്ത് വർഷം ഭരണത്തിൽ ഇരുന്നപ്പോൾ ഉറങ്ങിപ്പോയി. താഴെ തട്ടിൽ ഉള്ളവരായ എൽഡിഎഫ് അണികൾ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് വിചാരിച്ചപോലെ കിട്ടിയിട്ടില്ല. ബിജെപി നല്ല പ്രകടനം കാഴ്ച വെച്ചുവെന്നും രാജീവ്‌ ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വോട്ട് വിഹിതം വർധിപ്പിച്ചേക്കും. ബിജെപി പിടിക്കുന്ന വോട്ടുകൾ രണ്ട് മുന്നണികൾക്കും തിരിച്ചടിയാകും.

ഇത് പാകിസ്ഥാനല്ല, കേരളമാണ്. കൂടെ നിൽക്കാത്തവരെ ഒക്കെ ലീഗ് ശത്രുവാക്കുന്നു. കൂടെ നിന്നപ്പോൾ എന്നെ പൊക്കികൊണ്ട് നടന്നില്ലേ? കൂടെ നിൽക്കാത്തപ്പോൾ എന്റെ കോലം വരെ കത്തിച്ചു. ലീഗിനെ വിമർശിച്ചാൽ മുസ്ലീം സമുദായത്തെ വിമർശിച്ചു എന്ന് ആക്കി മാറ്റുന്നു. മലപ്പുറം ലീഗിന്റെ രാജ്യമല്ല. അത് പറയാൻ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമില്ല. യുഡിഎഫ് അധികാരത്തിൽ വരരുത് എന്നാണ് ആഗ്രഹം. അതുകൊണ്ട് മുഖ്യമന്ത്രി ആരാകണമെന്ന് പറയുന്നില്ല. യുഡിഎഫ് അധികാരത്തിൽ വരരുത് എന്നാണ് എന്റെ ആഗ്രഹം. പിണറായി വരണം എന്നാണ് ആഗ്രഹം

പിണറായി ഒരു ശുദ്ധനാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പലതും അറിയുന്നില്ല. ആലപ്പുഴ ഉൾപ്പടെ എൽഡിഎഫ് സ്ഥാനാർഥി നിർണയം പാളി. അതിൽ നിരാശനായിരുന്നു. യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അടിച്ചു കയറി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാകുമെന്നും മതാധിപത്യം വളരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.