കോണ്‍ഗ്രസ് വിട്ട് ജമ്മുകശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന ഗുലാം നബി ആസാദിന് ഭീകര സംഘടനയുടെ വധ ഭീഷണി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കശ്മീര്‍ റാലി തുടരാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുംബന്ധിച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ഭീകര സംഘടനയാണ് ഭീഷണിയ്ക്ക് പിന്നില്‍.
‘രാജ്യദ്രോഹിയുടെ ഹൃദയത്തില്‍ വിശ്വസ്തതയില്ല, വിശ്വാസ്യത കാണിക്കാനുള്ള വ്യാജഭാവം മാത്രമെയുള്ളൂ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കൂടാതെ ഗുലാം നബി ആസാദിനെ രാഷ്ട്രീയ ചാമലിയന്‍ എന്നും പോസ്റ്ററില്‍ വിശേഷിപ്പിക്കുന്നുണ്ട്. കശ്മീരിലെ രാഷ്ട്രീയത്തോടുള്ള ആസാദിന്റെ താല്‍പര്യം ആസൂത്രിതമായ നീക്കമാണെന്നും ഗുലാം നബി ആസാദ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും പോസ്റ്ററില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്.