തിരുവനന്തപുരം: 2019ലെ ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ അല്ല മറിച്ച് സര്‍ക്കാരിന്റെ പിആര്‍ഡിയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നും വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ നേര്‍ക്ക് ആളുകള്‍ വന്നപ്പോള്‍ തടഞ്ഞത് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. വേദിയില്‍ നിന്നും ഇറങ്ങി വന്നാണ് കെകെ രാഗേഷ് പൊലീസിനെ തടഞ്ഞത്. സെക്ഷന്‍ 124 പ്രകാരം ഗവര്‍ണറെ തടഞ്ഞാല്‍ സ്വമേധയാ കേസെടുക്കണം. ഏഴ് വര്‍ഷവും തടവുമാണ് ശിക്ഷ. നൂറ് കണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് കണ്ണൂരിലെ സംഭവം നടന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
‘തടുക്കാനെത്തിയ പൊലീസിനെ തടഞ്ഞത് വൈസ് ചാന്‍സലറാണ്. അവിടെ യാദൃശ്ചികമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ. അഞ്ച് മിനുട്ടിനുള്ളില്‍ പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കഴിയുമോ. അവര്‍ എല്ലാ തയ്യാറെടുപ്പുകളും കൂടിയാണ് വന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള വ്യക്തി ഇറങ്ങി വന്ന് പൊലീസിന് തടയുന്നത് നിങ്ങള്‍ക്ക് കാണാം. പൊലീസിന് ചുമതല നിര്‍വഹിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കെകെ രാഗേഷ് അവരെ തടയുകയാണ് ചെയ്തത്. പുറത്തുനിന്നുള്ളവരാണ് അവിടെ കൂടുതല്‍. കേരളത്തില്‍ നിന്നുള്ളവരല്ല. ഞാന്‍ സംസാരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഭാരത് മാതാ കി ജയ് എന്ന് പറയുന്നുണ്ടായിരുന്നു. ജാമിയ, ജെഎന്‍യു, അലിഗഢ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. അവരെ എനിക്ക് അറിയാം.’
‘ഈ പെരുമാറ്റം കണ്ടിട്ട് നിങ്ങള്‍ അത്ഭുതം തോന്നുന്നില്ലേ. ആളുകള്‍ എന്റെ അടുത്തേക്ക് എത്തുന്നത് തടഞ്ഞ പൊലീസുകാരെ അഭിനന്ദിക്കുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടി കണ്‍വീനറുള്ള സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്. മോശം പെരുമാറ്റത്തിനാണ് അദ്ദേഹത്തിന് വിലക്ക്. ഒരു മന്ത്രി ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് സ്ഥാനം രാജിവെച്ചത്. പാക്കിസ്ഥാന്റെ ഭാഷയിലാണ് മുന്‍ മന്ത്രി സംസാരിക്കുന്നത്. ‘ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ആരോപിച്ചു.
പ്രസംഗിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം അനുവദിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് 35 മിനുറ്റില്‍ കൂടുതല്‍ സംസാരിച്ചു. 95 മിനുട്ടിലേറെ സമയം തന്നെ വേദിയിലിരുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ നിശ്ചയിച്ച സമയക്രമം സംഘാടകന്‍ തെറ്റിച്ചെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഇര്‍ഫാന്‍ ഹബീബ് ചരിത്രമല്ല സംസാരിച്ചത്. സിഎഎയെക്കുറിച്ചും, കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും സംസാരിച്ചു. ഓരോ പരാമര്‍ശം നടത്തുമ്പോഴും ഇര്‍ഫാന്‍ ഹബീബ് തന്നെ നോക്കുന്നുണ്ടായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.