തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കല്‍ ചപ്പാത്തിലാണ് അപകടമുണ്ടായത്.
കുട്ടമ്പുഴയില്‍ ഇന്നലെ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയില്‍ മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ വീണാണ് പൗലോസ് മരിച്ചത്. ഇന്നലെ ഫോറസ്റ്റും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പൗലോസിനെ കണ്ടെത്താനായിരുന്നില്ല. കനത്ത മഴയായതിനാല്‍ രാത്രിയില്‍ അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ വീണ്ടും നാട്ടുകാരും വനം വകുപ്പും നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് മഴ തുടരുകയാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം. ശക്തമായ മഴയിൽ എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. കൊല്ലത്ത് മഴക്ക് നേരിയ ശമനമുണ്ട്. തീരദേശത്ത് കാറ്റിന്‍റെ ശക്തി കുറഞ്ഞു. വലിയ ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികൾ എല്ലാവരും മടങ്ങിയെത്താത്തത് ആശങ്കയുണ്ടാക്കുന്നു.മലപ്പുറം ജില്ലയിൽ മിക്കയിടത്തും ചാറ്റൽ മഴ പെയ്യുന്നുണ്ട് . ഇന്നലെ രാത്രി ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചു. നദികളിലെ ജലനിരപ്പ് നിലവിൽ അപകടാവസ്ഥയിലല്ല. അങ്ങാടിപ്പുറം വില്ലേജിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലത്ത് കിഴക്കേമുക്ക് ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ഒരു കുടുംബത്തെ അടുത്തുള്ള ഒരു സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപാർപ്പിച്ചു. നിലമ്പൂരിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്