തൃശൂരില്‍ ശക്തമായ മഴ; ചേലക്കരയില്‍ മലവെള്ളപ്പാച്ചിലും

തൃശൂര്‍ ചേലക്കരയില്‍ മലവെള്ളപ്പാച്ചില്‍. ആറ്റൂര്‍ കമ്പനിപ്പടി പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നു. വനമേഖലയില്‍ നിന്നും വലിയരീതിയില്‍ വെള്ളം കുത്തിയൊലിച്ച് സംസ്ഥാനപാത മുങ്ങി. മലയോര മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ആവശ്യമെങ്കില്‍ എന്‍ഡിആര്‍എഫിന്റെ സഹായം കൂടി തേടാനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടം. ജില്ലയില്‍ നാല് മണിക്കൂറായി മഴ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുകയാണ്. അസുരന്‍കുണ്ട് മലനിരകളില്‍ നിന്നാണ് ഇപ്പോള്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം ഉള്‍വനത്തില്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വലിയ തോതിലാണ് വെള്ളമാണ് മേഖലകളിലേക്ക് ഒഴുകിയെത്തിയത്. മഴ കുറഞ്ഞാല്‍ മാത്രമേ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി. ജില്ലയിലെ കനത്ത മഴയില്‍ പുത്തൂര്‍ ഏഴാംകല്ലില്‍ വീടുകളില്‍ വെള്ളം കയറി. ശങ്കരയ്യ റോഡിലെ നിരവധി വീടുകളില്‍ വെള്ളം കയറി.