തിരുവനന്തപുരം: ഓഗസ്റ്റ് 28, 2022: കരളിലെ കാന്‍സറിനുള്ള ചികിത്സയും പരിരക്ഷയും ചര്‍ച്ചചെയ്ത് ‘ഹെപ്‌കോണ്‍’ അന്താരാഷ്ട്ര ദ്വിദിന മെഡിക്കല്‍ കോണ്‍ഫറന്‍സ് പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടില്‍ സമാപിച്ചു. കിംസ്‌ഹെല്‍ത്തിലെ സെന്റര്‍ ഫോര്‍ കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ കരളിലെ ക്യാന്‍സറിന്റെ എല്ലാ മേഖലകളും ചര്‍ച്ചയായി. പ്രമുഖ ആരോഗ്യവിദഗ്ധര്‍ നേതൃത്വം നല്‍കിയ സെഷനുകളില്‍ മെഡിക്കല്‍ രംഗത്തുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ഓഗസ്റ്റ് 27ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളില്‍ 35 ഓളം വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും സെമിനാറും നടന്നു. എറ്റിയോളജി, പത്തോളജി, ബയോളജി, ഇമേജിംഗ് ആന്‍ഡ് അസസ്‌മെന്റ്, ട്രീറ്റ്‌മെന്റ് പ്ലാനിംഗ്, ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി കരള്‍സംബന്ധമായ വിവിധ മേഖലകളിലെ വിഷയങ്ങള്‍ ചര്‍ച്ചയായി.
ഇംഗ്ലണ്ടിലെ അഡെന്‍ബ്രൂക്ക്‌സ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പോള്‍ ഗിബ്‌സ്, അമേരിക്കയിലെ ബോസ്റ്റണ്‍ മസാച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. സഞ്ജീവ കല്‍വ തുടങ്ങിയ അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ വിദഗ്ധ ഡോക്ടര്‍മാരാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്.