നികുതി വെട്ടിപ്പ് കേസില്‍ കേസില്‍ കൈരളി ടിഎംടി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഴിക്കുളളില്‍ തന്നെ. ഹുമയൂണ്‍ കള്ളിയത്തിന്റെ ജാമ്യാപേക്ഷ പ്രത്യേക സാമ്പത്തിക കുറ്റന്വേഷണ കോടതി തള്ളി

നികുതി വെട്ടിപ്പ് കേസില്‍ കേസില്‍ കൈരളി ടിഎംടി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന്റെ ജാമ്യാപേക്ഷ പ്രത്യേക സാമ്പത്തിക കുറ്റന്വേഷണ കോടതി തളളി. കൈരളി ടിഎംടി ബോര്‍സ് കമ്പനി വ്യാജബില്‍ ഉണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
മാസങ്ങളോളം കമ്പനിയെ നിരീക്ഷിച്ചശേഷമാണ് ഹുമയൂണിനെ ഡിജിജിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതെങ്കിലും നൂറ് കോടി കടക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. 125 വര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമുളള കമ്പനിയാണെന്ന് അവകാശപ്പെടുന്ന കൈരളി ടി.എം.ടി സൂപ്പര്‍ താരം മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കി പ്രമുഖ മാധ്യമങ്ങളില്‍ ധാരാളം പരസ്യം നല്‍കുന്ന സ്ഥാപനമാണ് കൈരളി ടിഎംടി.
ഇന്ന് ഹുമയൂണിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദീപു കേസ് പരിഗണിച്ചെങ്കിലും ജാമ്യം നല്‍കിയില്ല. ഹുമയൂണിന് വേണ്ടി പ്രമുഖ ക്രിമിനല്‍ കേസ് അഭിഭാഷകന്‍ അഡ്വ. രാമന്‍ പിള്ളയാണ് ഇന്ന് കോടതിയില്‍ ഹാജരായത്. നിരവധി പ്രമുഖരെ രക്ഷിച്ചു ശീലമുള്ള അഡ്വ രാമന്‍ പിള്ളയുടെ വാദങ്ങളും ഹുമയൂണ്‍ കള്ളിയത്തിന്റെ കാര്യത്തില്‍ വിലപ്പോയില്ല.
പ്രശസ്ത അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറാണ് വാദിഭാഗത്തിനായി ഹാജരായത്.
സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹച്ചര്യം നിലനില്‍ക്കുന്നു എന്നു കാണിച്ചാണ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇനി ജില്ലാ കോടതിയില്‍ ഹുമയൂണ്‍ ജാമ്യത്തിനായി സമീപിക്കും. കൃത്യത്തില്‍ ആഴത്തിലുള്ള അന്വേഷണം അനിവാര്യമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി കൈരളി റ്റി.എം.റ്റി സ്റ്റീല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് തള്ളിയത്. നേരത്തെയും ഹുമയൂണ്‍ കള്ളിയത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.