ചട്ടലംഘനമെന്ന് ഹൈക്കോടതി; ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് തിരിച്ചടി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി, ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം.

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു. ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത നടപടി കേരള മുന്‍സിപ്പാലിറ്റി നിയം, 1994ന്റെ ലംഘനമാണെന്നും ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതുമെന്നാണ് പരാതി.

ബിജെപി കൗണ്‍സിലര്‍മാര്‍ ‘ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍, ശ്രീകണ്‌ഠേശ്വരന്‍ അമ്മയപ്പന്‍ നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ ശാസ്താവിന്റ നാമത്തില്‍’ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം