തൊടുപുഴ: ഇടനിലക്കാരും വ്യാപാരികളും ഇടുക്കിയിലെ ഏല കര്‍ഷകരെ പറ്റിച്ച് നേടുന്നത് കോടികള്‍. ഇടുക്കിയിലെ ഏലക്ക വിപണ കേന്ദ്രങ്ങളും, ഇടനിലക്കാരും ചേര്‍ന്ന് സാധാരണ കര്‍ഷകരെ ഇത്തരത്തില്‍ വര്‍ഷങ്ങളായാണ് ചൂഷണം ചെയ്യുന്നത്. ഏലവ്യാപാരത്തിന്റെ മറവില്‍ വന്‍ നികുതി വെട്ടിപ്പും ഇടുക്കി ജില്ലയില്‍ നടക്കുന്നതായും ആരോപണമുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ഏലക്ക അവധിക്ക് വാങ്ങി 350 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഒരു വ്യാപാരി നടത്തിയതായും പരാതിയുണ്ട്. ഇയാള്‍ക്കെതിരെ ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ വന്നതിനെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണമാണ് കര്‍ഷകര്‍ക്ക് സഹിക്കാന്‍ കഴിയാത്തത്. ഭീമമായ തുകയാണ് ഇത്തരക്കാര്‍ കര്‍ഷകരെ പറ്റിച്ച് പോക്കറ്റിലാക്കുന്നത്. ഏല കര്‍ഷകര്‍ക്കായി ഓക്ഷന് സെന്ററുകള്‍ ഉണ്ടെങ്കിലും സാധാരണ കര്‍ഷകര്‍ ചെറുകിട വ്യാപാരികള്‍ക്കും ഹോള്‍സെയില്‍ വ്യാപാരികള്‍ക്കും ആണ് ഏലക്കായ വില്‍ക്കുന്നത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ഏലക്കായ തരംതിരിച്ച് ക്വാളിറ്റി ഉള്ളത് കയറ്റുമതി ചെയ്യുകയും വില്‍ക്കുകയും ചെയ്തതിനു ശേഷം ക്വാളിറ്റി ഏറ്റവും കുറഞ്ഞ കായ ഓക്ഷന് സെന്ററില്‍ പതിച്ച് വ്യാപാരികള്‍ തന്നെ വിപണനത്തിന് വച്ച് അവര്‍ക്ക് സുഖമായി വിലയ്ക്ക് അവര്‍ തന്നെ ലേലം വിളിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.
എന്നാല്‍ സെവണിന് മുകളിലേക്കുള്ള ക്വാളിറ്റി കൂടിയ കായ ഓക്ഷനില്‍ പതിച്ച് വ്യാപാരികള്‍ തന്നെ വന്‍ വിലയ്ക്ക് ലേലം വിളിച്ച് വലിയ വില നിര്‍മ്മിക്കുകയും ആ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ കര്‍ഷകര്‍ നേരിട്ട് വില്‍ക്കുന്ന ബള്‍ക്ക് ഇനം എന്നറിയപ്പെടുന്ന കായ അതായത് 8 പ്ലസ് മുതല്‍ സിക്സ് വരെയുള്ള മിക്സഡ് കായയ്ക്കു പകരം ഗ്രേഡിങ് നടത്തിയതിനുശേഷം ഉള്ള തിരിവ് കായ വളരെ കുറഞ്ഞ വിലയ്ക്ക് ലേലം വിളിക്കുകയും ശരാശരി വില നിശ്ചയിക്കുകയും ചെയ്യുന്നു ചെയ്യുന്നു. ഇതു മുഖേന യഥാര്‍ത്ഥത്തില്‍ കര്ഷകന് ലഭിക്കേണ്ട വിലയുടെ 50% പോലും കര്ഷകന് ലഭിക്കാതിരിക്കുകയും 50% ത്തിലധികം ഇടനിലക്കാര്‍ തട്ടിയെടുക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ വില അനുസരിച്ച് 4000 രൂപയാണ് ശരാശരി കര്‍ഷകനെ ലഭിക്കേണ്ടതെങ്കില്‍ അത് വെറും 2000 രൂപ മാത്രം ലഭിക്കുകയും ബാക്കി ഇടനിലക്കാര്‍ കൊണ്ടുപോവുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഇടനിലക്കാര്‍ കര്‍ഷകരോട് ചെയ്യുന്ന വലിയൊരു ചതിയാണ്.
ഇത് കൂടാതെ വന്‍കിട കച്ചവടക്കാര്‍ കേരളത്തിന്റെ വിവിധ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും കൊണ്ടുപോകുന്ന ഏലക്കാ ലോഡുകളില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തുന്നതായും പരാതിയുണ്ട്. ഈവിടെ ചില വാഹനങ്ങള്‍ ജിഎസ്ടി വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തിരിവ് കായുടെ വിലയ്ക്ക് ജിഎസ്ടി ബില്ല് നിര്‍മ്മിക്കുകയും. ആ ബില്ലിന്മേല് കൂടിയ ഇനം വില കൂടുതലുള്ള കായ വാഹനങ്ങളില്‍ കടത്തില്‍ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. ഇത് മുഖേന യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയുടെ 30% പോലും ലഭിക്കാതെ പോകുന്നു. കൂടാതെ ബില്ലില്‍ കാണിക്കുന്ന തൂക്കത്തിന് ഇരട്ടി ലോഡ് കൊണ്ടുവന്നതായും. അക്കൗണ്ട് മുഖേന അല്ലാതെ ക്യാഷ് ആയി വന്‍തോതില്‍ പണം ഇവര്‍ കൈപ്പറ്റുന്നതായും വിവരങ്ങളുണ്ട്.
ഇത്തരത്തില്‍ ഇടുക്കിയിലെ ഇടനിലക്കാര്‍ കാലാകാലങ്ങളായി കര്‍ഷകരെ വഞ്ചിക്കുകയും സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട തുക നല്‍കാതെ വന്‍ നികുതിവെട്ടിപ്പാണ് ഹൈറേഞ്ച് മേഖലകളില്‍ നടക്കുന്നത്.