അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളം കിട്ടാത്തതില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം: പത്തനംതിട്ടയില്‍ അധ്യാപികയുടെ ശമ്പളം 14വര്‍ഷമായി ലഭികാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡിഇഒ, എഇഒ ഇവരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ്.

ഇവര്‍ക്കെല്ലാം ഭരണപരിചയം കുറവാണ്. അത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സ്വന്തം അനുഭവം ആണ്. പറഞ്ഞാല്‍ വിവാദമാകുമെന്ന് അറിയാം എന്നാലും കുഴപ്പമില്ല. ഡിഇഒ, എഇഒ എന്നിവര്‍ക്കെല്ലാം ഭരണപരിശീലനം കാര്യമായി നല്‍കേണ്ട അവസ്ഥയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. മന്ത്രി പറഞ്ഞിട്ടും ഉത്തരവ് ഇറക്കിയിട്ടും അവരെ ഓഫീസ് കയറ്റി ഇറക്കി പ്രയാസപ്പെടുത്തി. ഓരോ ഫയലും ജീവിതം എന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ സാധാരണ നടപടി മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ പിരിച്ചു വിടും. അത് ആലോചനയില്‍ ഉണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ സമയ മാറ്റത്തിലും മന്ത്രി പ്രതികരിച്ചു. എല്ലാം കാര്യങ്ങളും നാട്ടിലെ എല്ലാവരോടും ആലോചിക്കാന്‍ പറ്റില്ലെന്നും ജനങ്ങള്‍ തെരെഞ്ഞെടുത്ത് അയച്ചത് അല്ലെയെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ അവധി മാറ്റത്തില്‍ പഴഞ്ചന്‍ രീതികള്‍ എല്ലാകാലത്തും പറ്റില്ലെന്നാണ് അഭിപ്രായം.

പുതുമകളും നല്ല മാറ്റങ്ങളും വേണം. ബാക്ക് ബെഞ്ചേഴ്‌സ് എന്ന സങ്കല്‍പ്പവും മാറ്റുകയാണ്. വിദ്യാര്‍ത്ഥി – അധ്യാപക അനുപാതത്തില്‍ പ്രശ്‌നങ്ങളുണ്ട്. പ്ലസ് വണ്ട, പ്ലസ്ടു ക്ലാസുകളില്‍ ഒരു ക്ലാസില്‍ 60 കുട്ടികള്‍ വരെയുള്ളത് പ്രശ്‌നമാണ്. ഭാവിയില്‍ പരിശോധനയും തിരുത്തും കൊണ്ടുവരാം.

ഫോണ്‍ കൊടുത്താലും വാങ്ങി കൊടുത്തില്ല എങ്കിലും പ്രശ്‌നം ഉണ്ടാകുന്നു.ദുരുപയോഗം കൂടുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.