കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു; വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് മരിച്ച കുട്ടികളുടെ അമ്മ

പാലക്കാട്: കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് അട്ടപ്പാടിയില്‍ പണി തീരാത്ത വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് മരിച്ച കുട്ടികളുടെ അമ്മ ദേവി. മടിയിലെടുത്ത് വെച്ചപ്പോള്‍ ഒരാള്‍ക്ക് അനക്കമുണ്ടായിരുന്നെന്ന് ദേവി കണ്ണീരോടെ പറഞ്ഞു. പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. ഇതോടെയാണ് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. നേരത്തെ ആശുപതിയിലെത്തിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു.
പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് വീണ് 7ഉം 4ഉം വയസുള്ള ആദിയും അജ്‌നേഷും മരിച്ചത്. ബന്ധുവായ 6 വയസുള്ള അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സൈലന്റ് വാലിയോട് ചേര്‍ന്നാണ് കരുവാര ഉന്നതി . ഇവിടെ 8 വര്‍ഷമായി പണി പാതിയായി കിടക്കുന്ന വീടാണ് ഇടിഞ്ഞു വീണത്. ആള്‍ താമസമുള്ള വീടല്ല .മേല്‍ക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയില്‍ കൊണ്ടും ദുര്‍ബലമായ കെട്ടിടമായിരുന്നു. അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദിയും അജ്നേഷും ബന്ധുവായ അഭിനയയും ഇവിടെ കളിക്കാന്‍ എത്തിയതാണ്. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുകയായിരുന്നു. പെട്ടെന്നാണ് അപകടം സംഭവിച്ചത്.
മുക്കാലിയില്‍ നിന്നും 4 കിലോമീറ്റര്‍ വനത്തിനകത്താണ് കരുവാര ഉന്നതി. മൊബൈല്‍ ഫോണ്‍ റേഞ്ചില്ല. ഫോണില്‍ പുറത്താരെയും ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ അടുത്തുള്ള വീട്ടിലെ സ്‌കൂട്ടറില്‍ താഴേക്ക് എത്തിച്ചു. അവിടെ നിന്നും വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലേക്ക് എത്തിച്ചു. തൊട്ടടുത്താണ് കുട്ടികളുടെ വീട്.സ്ഥിരമായി കുട്ടികള്‍ ഇതിന് മുകളില്‍ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളില്‍ തുണി ഉണക്കാന്‍ ഇടാറുമുണ്ട്. കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. അഗളി ആശുപതിയിലാണ് മൃതദ്ദേഹങള്‍ സൂക്ഷിച്ചിരിക്കുന്നത്.