ക്ലാസുണ്ടായിരുന്നെങ്കില്‍ അവള്‍ മരിക്കില്ലായിരുന്നു ടീച്ചറേ…

ടീച്ചറേ അന്നു ക്ലാസ് വയ്ക്കാതിരുന്നതെന്താ ക്ലാസുണ്ടായിരുന്നെങ്കില്‍ എന്റെ മോള്‍ക്ക് ഇതു വരില്ലായിരുന്നല്ലോ. ഫര്‍സാനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്നെത്തിയ കെമിസ്ട്രി വിഭാഗം അധ്യക്ഷ പ്രഫ. സിമി സജുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് കരച്ചിലടക്കാനാകാതെ ഫര്‍സാനയുടെ അമ്മ ഷീജയുടെ ചോദ്യം. കേട്ടുനിന്നവരെല്ലാം കരഞ്ഞു. പൊന്നുമോളുടെ ചേതനയറ്റ ശരീരം അവസാനം ഒന്നകാണാല്‍ വീട്ടിലെത്തിച്ചപ്പോഴാണ് ഫര്‍സാനയുടെ മാതാവ് ഈ ചോദ്യം ചോദിച്ചത്.
കോളജ് സ്ഥിതി ചെയ്യുന്ന അഞ്ചലില്‍ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് ഫര്‍സാന ഒടുവില്‍ കോളജില്‍ എത്തിയത്.
വൈകിട്ട് 3.30ന് ക്ലാസ് കഴിഞ്ഞ ശേഷമാണ് എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ ഫര്‍സാന കോളജില്‍ നിന്നു മടങ്ങിയതെന്നും സിമി സജു പറഞ്ഞു. ‘പഠിക്കാന്‍ വളരെ സമര്‍ഥയാണ്. ഫസ്റ്റ് സെമസ്റ്ററിന് എല്ലാ പേപ്പറിനും നല്ല മാര്‍ക്കു വാങ്ങിയിരുന്നു. മുടക്കമില്ലാതെ ക്ലാസിലെത്തും. ട്യൂഷന്‍ എടുക്കുന്നുണ്ടെന്ന് ഞങ്ങളെ അറിയിച്ചിരുന്നു. സാമ്പത്തികാവശ്യങ്ങള്‍ക്ക് പിതാവിനെ ഏറെ ബുദ്ധിമുട്ടിക്കരുതെന്ന് അവള്‍ക്കുണ്ടായിരുന്നു. കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടിയായതിനാല്‍ എല്ലാവര്‍ക്കും അവളെ കാര്യമായിരുന്നു.’
അധ്യാപക അഭിരുചിയുള്ള കുട്ടികള്‍ക്കായി കോളജില്‍ രൂപീകരിച്ചിട്ടുള്ള ‘സ്റ്റുഡന്റ് ടീച്ചേഴ്‌സ് ബ്രിഗേഡി’ല്‍ ഫര്‍സാന അംഗമായിരുന്നു. ജൂനിയര്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്ലാസ് എടുത്തിരുന്നു. ആര്‍ട്‌സും സ്‌പോര്‍ട്‌സും ഉള്‍പ്പെടെ എല്ലാ പരിപാടികളും പങ്കെടുത്തിരുന്നു. ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ആന്റി നര്‍കോട്ടിക് സെല്ലിലും ഫര്‍സാന പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്ച രാത്രി കൊലപാതക വാര്‍ത്ത അധ്യാപകര്‍ അറിഞ്ഞിരുന്നെങ്കിലും മരിച്ചത് ഫര്‍സാനയാണെന്നു സ്ഥിരീകരിച്ചിരുന്നില്ല.
‘ഫര്‍സാന സുനില്‍’ എന്ന പേരുള്ള കുട്ടിയാണ് മരിച്ചതെന്ന് പിന്നീട് അറിഞ്ഞതോടെ പരിഭ്രമമായി. കെമിസ്ട്രിയിലെ തന്നെ അധ്യാപകനും വെഞ്ഞാറമൂട് സ്വദേശിയുമായ ഡോ.പി.എസ്. അരുണാണ് സംഭവത്തെക്കുറിച്ചന്വേഷിച്ച് കൊല്ലപ്പെട്ടത് ഫര്‍സാനയെന്ന വിവരം ദുഃഖത്തോടെ അറിയിച്ചത്. കോളജിന് ഇന്നലെ അവധി നല്‍കി. കെമിസ്ട്രി വകുപ്പിലെ അധ്യാപകരും വിദ്യാര്‍ഥികളും ഫര്‍സാനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. കൂട്ടുകാരിയുടെ മൃതശരീരം കണ്ടു സഹപാഠികളില്‍ പലര്‍ക്കും കരച്ചിലടക്കാനായില്ല. അധ്യാപകരും വിതുമ്പി. ഫര്‍സാനയ്ക്ക് അഫാനുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചുള്ള വിവരം അവള്‍ അടുത്ത കൂട്ടുകാരില്‍ ചിലരുമായി പങ്കുവച്ചിരുന്നു.