റിസര്‍വ് ചെയ്താല്‍ പോലും ആളെ കയറ്റില്ല’; അധികാരപ്രയോഗവും സ്വജന പക്ഷപാതവുമെന്ന് ഡെലിഗേറ്റുകള്‍..ഐഎഫ്എഫ്‌കെയില്‍ വ്യാപക പരാതി

ഐഫ്എഫ്‌കെയില്‍ സീറ്റ് റിസര്‍വേഷനെച്ചൊല്ലി വ്യാപക പരാതി. ഐഎഫ്എഫ്കെയില്‍ ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ പ്രദര്‍ശനത്തിനിടെ റിസര്‍വ് ചെയ്തിട്ട് പോലും സീറ്റ് നിഷേധിച്ചെന്നാണ് ഡെലിഗേറ്റുകളുടെ ആരോപണം. അധികാര പ്രയോഗവും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് ഡെലിഗേറ്റുകള്‍ പരാതിപ്പെടുന്നു. റിസര്‍വ് ചെയ്തവര്‍ക്ക് പോലും സിനിമ കാണാന്‍ പറ്റാതിരുന്നതോടെയാണ് പ്രതിഷേധവും തുടര്‍ന്ന് അറസ്റ്റുമുണ്ടായത്. പാട്ടും മുദ്രാവാക്യവുമായി സമാധാനമായ പ്രതിഷേധത്തിനിടയിലേക്ക് പൊലീസ് എത്തിയത് അന്തരീക്ഷ വഷളാക്കിയെന്നാണ് ആരോപണം.
നന്‍പകല്‍ നേരത്ത് മയക്കത്തിന് റിസര്‍വ് ചെയതതും അണ്‍റിസര്‍വ് ചെയ്തതുമായ ഡെലിഗേറ്റ്സിന്റേയും ക്യൂ ഉണ്ടായിരുന്നു. റിസര്‍വ് ചെയ്തവരില്‍ തന്നെ അവസാനം ഉള്ളവരെ കയറ്റിയില്ല. പകരം ഒഫീഷ്യല്‍സിനേയും സ്വജനപക്ഷപാതം കാണിച്ചുകൊണ്ട് മറ്റ് ചിലരേയും തിയറ്ററിലേക്ക് കയറ്റുകയുമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉടലെടുത്തു. പാട്ടും മുദ്രാവാക്യവുമായി സമാധാനപരമായിരുന്നു പ്രതിഷേധം. ഐഎഫ്എഫ്കെ ഒഫീഷ്യല്‍സിനെ അവിടെ വിളിച്ചുവരുത്തണം എന്നായിരുന്നു ആവശ്യം. അതിനിടെയിലേക്കാണ് പൊലീസ് എത്തിയത്.
‘ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ സിനിമകള്‍ക്ക് നൂറ് ശതമാനം റിസര്‍വേഷന്‍ എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. രാവിലെ 8 മണിക്ക് തുടങ്ങുന്ന ബുക്കിംഗ് വഴിയാണ് സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ നടക്കുന്നത്. ബുക്കിംഗ് ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവില്‍. റിസര്‍വേഷന്‍ അന്‍പത് ശതമാനമാക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ടാഗോര്‍ തിയേറ്ററിന് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്ന്’ പ്രതിഷേധക്കാര്‍ പറയുന്നു.