സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആശ പ്രവര്‍ത്തകയെ സിപിഐഎം പുറത്താക്കി

പാര്‍ട്ടി മാറി സ്ഥാനാര്‍ത്ഥിയായതിന് ആശാ പ്രവര്‍ത്തകയെ സിപിഐഎം പുറത്താക്കി. കോട്ടയം കുറവിലങ്ങാട്ടെ ആശാ പ്രവര്‍ത്തക സിന്ധു രവീന്ദ്രനെയാണ് പാര്‍ട്ടി പുറത്താക്കിയത്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന ആശാ സമരത്തില്‍ സജീവമായി പങ്കെടുത്തു. സന്ധ്യയുടെ ഭര്‍ത്താവും ബ്രാഞ്ച് സെക്രട്ടറിയുമായ രവീന്ദ്രനെയും പുറത്താക്കി. ഇരുവരെയും പുറത്താക്കിയെന്ന് പറഞ്ഞ് വീടിന്റെ പരിസരത്ത് പോസ്റ്ററുകള്‍ ഒട്ടിച്ചു.
കുറവിലങ്ങാട് പഞ്ചായത്ത് 13 ആം വാര്‍ഡ് പള്ളിയമ്പ് സ്വദേശിനിയും സിപിഎം പള്ളിയമ്പ് ബ്രാഞ്ച് സെക്രട്ടറി എം ഇ രവീന്ദ്രന്റെ ഭാര്യയുമാണ് സിന്ധു രവീന്ദ്രന്. ആശമാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചു നിന്നതാണ് ഇടതുപക്ഷ സഹയാത്രികയായിരുന്ന സിന്ധുവിന്റെ രാഷ്ട്രീയ ചുവടുമാറ്റത്തിന് പ്രധാന കാരണം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തനിക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് സിന്ധു പറയുന്നത്.