അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു; ഇപി ജയരാജന്‍

കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജന്‍. ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതില്‍ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പുറപ്പെടാന്‍ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

അനീഷിന്റെ കുടുംബം പറയുന്നു ആര്‍ക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോണ്‍ഗ്രസ് പറയുന്നത് ഈ പ്രശ്‌നത്തില്‍ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത് ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ അറിയാം. കളക്ടര്‍ക്ക് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പരിമിതി ഉണ്ടാകുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

രാഷ്ട്രീയപരമായി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിക്കും. സിപിഐഎമ്മിന് അങ്ങനെ ഇടപെടേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എസ്ഐആര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് അനുകൂലമായി വോട്ടര്‍പട്ടിക മാറ്റിതീര്‍ക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് അദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെറ്റായി പ്രവര്‍ത്തിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്ന് അദേഹം പറഞ്ഞു.

എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ക്ക് അമിത സമ്മര്‍ദമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. അവര്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ മാറ്റവെക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റിവെക്കാന്‍ തയാറാകുന്നില്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.