ഇഡി റെയ്‌ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. മറ്റൊരാൾ കൂടി പിടിയിലായെന്ന വിവരവുമുണ്ട്. ഇന്നലെ രാത്രിയോടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഇന്റലിജൻസ് ചൂണ്ടിക്കാട്ടി. റെയ്‌ഡും അക്രവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും റിപ്പോർട്ട് തേയിട്ടുണ്ട്. റെയ്‌ഡിനിടെയുണ്ടായ സംഘർഷം ആസൂത്രിതമാണെന്നാണ് ഇ.ഡി ആരോപിക്കുന്നത്. അക്രമങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ വിശദാംശങ്ങൾ ഡയറക്‌ടറേറ്റിന് കൈമാറി.റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം തിരുവനന്തപുരത്തെ വസതിക്കു മുന്നിൽവച്ചുതന്നെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

ഒരു ഇ.ഡി ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. കാർ തല്ലിത്തകർത്തു. ഇ.ഡി ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ വധശ്രമത്തിനു കേസെടുക്കുകയായിരുന്നു. തുടർന്നാണ് പാളയത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ഒളിച്ച നാലുപേർ ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്റ്റുചെയ്തത്. പാർട്ടി ഓഫീസിൽ കയറുന്നതിൽ നിന്ന് പൊലീസിനെ നേതാക്കളും പ്രവർത്തകരും തടഞ്ഞു. പിൻമാറില്ലെന്ന് പൊലീസ് ഉറച്ച നിലപാട് എടുത്തതോടെ പ്രതികളെ നേതാക്കൾ ഇറക്കിക്കൊണ്ടുവന്നു പൊലീസിന് വിട്ടുകൊടുക്കുകയായിരുന്നു.