ഫീസ് വര്‍ദ്ധനവ്, ചെറിയ തെറ്റിന് പോലും കനത്ത നടപടി; പ്രവാസികളെ വലച്ച് പുതിയ വിസ

റിയാദ്: സേവനത്തിനായി ഈടാക്കിയിരുന്ന ഫീസിനത്തില്‍ വര്‍ദ്ധന, രേഖകളിലെ ചെറിയ തെറ്റിന് പോലും കനത്ത നടപടി യാത്രാദുരിതം ഒഴിവായ വേളയിലും പുതിയ വിസാ നിബന്ധനകള്‍ പാലിക്കാനായി ബുദ്ധിമുട്ടുകയാണ് മലബാര്‍ മേഖലയിലെ പ്രവാസികള്‍. സൗദിയിലേയ്ക്കുള്ള വിസ ലഭിക്കാന്‍ പല കടമ്പകള്‍ കടക്കണമെന്നാണ് പരാതി.
വിസ സ്റ്റാമ്പിംഗ്, വിരലടയാളം എന്നിവ ഇന്ത്യയില്‍ തന്നെ പതിപ്പിക്കാനുള്ള സേവനമൊരുക്കുന്ന വിഎഫ്എസ് കേന്ദ്രത്തെക്കുറിച്ചാണ് പ്രവാസികള്‍ പരാതി ഉയര്‍ത്തുന്നത്. വിസാ നടപടികള്‍ എളുപ്പമാക്കുന്നതിനായാണ് വിസാ സ്റ്റാമ്പിംഗ്, വിരലടയാളം എന്നീ നടപടികള്‍ രാജ്യത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയത്. ഇതിനായുള്ള വിഎഫ്എസ് കേന്ദ്രം കൊച്ചിയ്ക്ക് പുറമേ കോഴിക്കോട് കൂടി സ്ഥാപിച്ചത് വഴി മലബാര്‍ മേഖലയിലുള്ളവര്‍ക്ക് യാത്രാക്‌ളേശം ഒഴിവാക്കാനായി.എന്നാലിപ്പോള്‍ ഫീസ് വര്‍ദ്ധന അടക്കമുള്ള പോരായ്മകളാണ് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.
10,000 മുടക്കിയാല്‍ ലഭിച്ചിരുന്ന സേവനത്തിന് 16,000 രൂപ വരെ നല്‍കണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ അപ്പോയിന്റ്‌മെന്റെടുത്ത് എത്തുന്നവരുടെ രേഖകളില്‍ ചെറിയ തെറ്റുകുറ്റങ്ങളുണ്ടായാല്‍ പോലും തിരിച്ചയക്കുന്നതായും പരാതിയുണ്ട്. ഇങ്ങനെയുണ്ടായാല്‍ അടുത്ത അപ്പോയിന്റമെന്റിന് വീണ്ടും കാത്തിരിക്കുക മാത്രമാണ് മാര്‍ഗം. കൂടാതെ കുടുംബമായി എത്തുന്നവരില്‍ എല്ലാവര്‍ക്കും വിസ അടിച്ചുകിട്ടാത്ത സാഹചര്യവുമുണ്ട്. കുടുംബാംഗങ്ങളിലെ ചിലരുടെ വിസ ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തള്ളുന്നത് മൂലമാണിത്.