ചികിത്സയ്ക്കിടെ പിഞ്ചുകുഞ്ഞിന്റെ ആഭരണങ്ങൾ കവർന്നു; മെഡിക്കൽ കോളേജിൽ ഒന്നര പവൻ സ്വർണം നഷ്ടപ്പെട്ടു

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ഒന്നര പവനോളം വരുന്ന സ്വർണ്ണമാലയും പാദസരവുമാണ് നഷ്ടപ്പെട്ടത്. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.
ഒക്ടോബർ 7 ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും 4:30-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെ നഴ്സ് എത്തി കുഞ്ഞിന് നെബുലൈസേഷൻ നൽകിയിരുന്നു. തുടർന്ന് 4:30-ഓടെ കുഞ്ഞിന്റെ മാതാവ് ഉണർന്ന് ശുചിമുറിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിലെ മാലയും കാലിലെ പാദസരവും നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്.
അതേസമയം, വാർഡിന് പുറത്ത് സെക്യൂരിറ്റി ജീവനക്കാരുടെ നിരീക്ഷണവും സി.സി.ടി.വി ക്യാമറകളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ മറ്റ് വാർഡുകളിൽ നിന്ന് സമാനമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പോലീസിന്റെ നിർദ്ദേശപ്രകാരം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് അറിയിച്ചു.