കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും

തിരുവനന്തപുരം:ശ്രീലങ്കയും ബംഗാള്‍ ഉള്‍ക്കടലും മുകളിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറുകയാണ്. ഇത് വൈകാതെ ഡിറ്റ് വാ (Dit Wah) എന്ന ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് ശ്രീലങ്കയുടെ തീരം തൊടുകയും തുടര്‍ന്ന് വടക്കന്‍ തമിഴ്‌നാട്-പുതുച്ചേരി-ആന്ധ്രാ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മലേഷ്യയും മലാക്ക കടലിടുക്കും മുകളിലുണ്ടായ സെന്യാര്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ വടക്കുകിഴക്കന്‍ ഇന്‍ഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്‌തെക്കുപടിഞ്ഞാറായി സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റിന്റെ ശക്തി വരുംമണിക്കൂറുകളില്‍ കുറഞ്ഞ് കിഴക്കോട്ട് മാറാനാണ് സാധ്യത.

ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.