കൊച്ചി: ഐ.എസ്.ആര്.ഒ ഗൂഢാലോചനാക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ മാലി സ്വദേശിനി ഫൗസിയ ഹസന്. മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ശ്രീലങ്കയിലെ കൊളംബോയില്‍ കഴിയുന്ന ഫൗസിയ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐ എസ് ആര് ഒ ചാരക്കേസിന് 28 വര്‍ഷമാകുമ്പോഴാണ് സി ബി ഐയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഫൗസിയ ഹസന് രംഗത്തെത്തുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആര് ഓ ഗൂഢാലോചനാക്കേസില്‍ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തില് നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസന് പറഞ്ഞു.
മൊഴിയെടുക്കാന്‍ ശ്രീലങ്കയിലേക്ക് വരുമെന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും കേട്ടില്ല. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ സിബിഐ ഒത്തുകളിക്കുന്നതായി സംശയമുണ്ട്. ചാരക്കേസില്‍ കുറ്റം സമ്മതിക്കാന്‍ തന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഫൗസിയ ഹസന് പറഞ്ഞു.