‘കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ K. C. Venugopal യോഗ്യൻ; Rahul Gandhiയുടെ നിലപാട് വ്യക്തമല്ല’

ന്യൂഡൽഹി: കെസി വേണുഗോപാൽ അനുഭവ സമ്പത്തുള്ള നേതാവാണെന്നും കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ. കെസി കേരള രാഷ്ട്രീയത്തിൽ സജീവമാണ്. അദ്ദേഹം കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ വാർത്താചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻപ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു താരിഖ് അൻവർ.

കെസി വേണുഗോപാൽ കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയുണ്ടാവില്ല. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ നിരവധി പേരുണ്ട്. 12 ജനറൽ സെക്രട്ടറിമാരുണ്ട്. സംഘടനാ ചുമതല കിട്ടുന്നതിന് മുമ്പ് കെസി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്നു. രാഹുലിന്റെ തീരുമാനം നിർണായകമാണ്. അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് അറിയില്ല. കെസിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണ്’- താരിഖ് അൻവർ പറഞ്ഞു.അതേസമയം, എട്ട് എക്സിറ്റ് പോൾ സർവേകളിലും അനുകൂല പ്രവചനം വന്നതോടെ, തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ആവേശത്തോടെ ഉറ്റുനോക്കുകയാണ് യു.ഡി.എഫ്. പ്രവചനങ്ങൾ പാളിയില്ലെങ്കിൽ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തിൽ എത്തും. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് ഒറ്റതിരിഞ്ഞ ചില അവകാശവാദങ്ങൾ ഉന്നയിച്ചതൊഴിച്ചാൽ, എൽ.ഡി.എഫ് ക്യാമ്പ് മൗനത്തിലാണ്.

ബി.ജെ.പിയും കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്ന തരത്തിൽ പൊട്ടിപ്പുറപ്പെട്ട മുഖ്യമന്ത്രി ചർച്ചയും സർവേഫലത്തോടെ വഴിതിരിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യമന്ത്രി ചർച്ച.നേതാക്കളുടെ പക്ഷം പിടിച്ച് അനുയായികളും ആരാധകരും രംഗത്ത് വന്നിരുന്നു.

അതു തടയാൻ ഹൈക്കമാൻഡ് ഇടപെട്ടെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങൾക്ക് ചൂടുകൂടി. കോൺഗ്രസിൽ തമ്മിലടിയാവുമെന്നും അത് യു.ഡി.എഫിന് നാണക്കേടാണെന്നും മുൻകൂട്ടികണ്ടാണ് പതിവിനു വിരുദ്ധമായി ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ അഭിപ്രായം പ്രകടിപ്പിച്ചത്. സാദിഖലി ശിഹാബ് തങ്ങൾക്ക് പിന്നാലെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളും സതീശനെ പിന്തുണച്ച് രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല. ഫലം വരും മുമ്പേ മുഖ്യമന്ത്രി വിഷയത്തിൽ ഘടകകക്ഷി അഭിപ്രായ പ്രകടനം നടത്തിയതിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.