അടുത്ത സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണത്തെ കലോത്സവത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നത് വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. കലോത്സവത്തില്‍ നണ്‍ വെജ് ഉള്‍പ്പെടുത്തുന്നതില്‍ സര്‍ക്കാറിന് മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും മന്ത്രി പറഞ്ഞു.
കലോത്സവ ഭക്ഷണ മെനുവില്‍ മാംസാഹാരം ഇല്ലായെന്ന് പറഞ്ഞുള്ള നിലവിലെ വിവാദം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ കലോത്സവങ്ങളിലൊന്നുമില്ലാത്ത വിവാദം കോഴിക്കോട്ടെ കലോത്സവത്തിന്റെ ശോഭ കെടുത്താനാണ്. യു ഡി എഫ് ഭരണകാലത്ത് വി ടി ബല്‍റാം എന്തുകൊണ്ട് ഇക്കാര്യം ഉന്നയിച്ചില്ലായെന്നും മന്ത്രി ചോദിച്ചു.
കലോത്സവത്തില്‍ നണ്‍ വെജ് ഉള്‍പ്പെടുത്താത്തത് പലപ്പോഴും ചര്‍ച്ചകളാകാറുണ്ട്. ഇത്തവണ സാമൂഹിക മാധ്യമത്തില്‍ ചൂടേറിയ ചര്‍ച്ചയുണ്ടായിരുന്നു.