“പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ”; കണ്ണൂരിൽ വീണ്ടും ഉയർന്ന് ജയരാജൻ അനുകൂല ഫ്ലെക്സ് ബോർഡുകൾ

കണ്ണൂർ: സിപിഎം നേതൃത്വത്തെ വിമർശിച്ച് പി ജയരാജൻ അനുകൂല ഫ്ലെക്സ് ബോർഡുകൾ വീണ്ടും കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടു. “പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന സന്ദേശമുള്ള ബോർഡുകൾ അഴീക്കോട് മണ്ഡലത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജില്ലയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകളും ഫ്ലെക്സുകളും ഉയർന്നിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ ഇത്തവണ യുഡിഎഫ് ശ്രദ്ധേയമായ മുന്നേറ്റമാണ് നേടിയത്. പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള ഉറച്ച മണ്ഡലങ്ങളിലടക്കം സിപിഎം പരാജയം നേരിട്ടത് പാർട്ടി അകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ പിന്നിലായതും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും ശ്രദ്ധേയമായി. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടങ്ങളിൽ എൽഡിഎഫും അഞ്ചിടങ്ങളിൽ യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒമ്പത് മണ്ഡലങ്ങളിൽ എൽഡിഎഫ് ജയിച്ചിരുന്നു.

തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് പ്രവർത്തകരിൽ നിന്ന് ഉയരുന്നത്. എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വിശദീകരണ പോസ്റ്റിന് താഴെ പ്രവർത്തകർ വ്യാപകമായ വിമർശനങ്ങളാണ് രേഖപ്പെടുത്തിയത്.

ജില്ലയിലെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും നിലവിലെ നേതൃത്വത്തിനാണെന്നും പി ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്നെങ്കിൽ ഇത്തരം തിരിച്ചടി ഉണ്ടായിരിക്കില്ലായിരുന്നുവെന്നും പ്രവർത്തകർ അഭിപ്രായപ്പെടുന്നു.