തൃക്കാക്കര: ബൈക്കിൽ കറങ്ങി മാല പൊട്ടിച്ചതിന് 25 കേസുകളിൽ പ്രതിയായ മോഷ്ടാവിനെ ഡിജിറ്റൽ ഇമേജിംഗ് പ്രോസസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരള പൊലീസ് കുടുക്കി.
ഞാറയ്ക്കൽ നടീത്തറ ഹൗസിൽ സോമരാജാണ് (43) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. മാർച്ച് അഞ്ചിന് രാത്രി 7.30-ന് കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്സ് ഭാഗത്ത് വാഴക്കാല ചാലിപറമ്പ് സ്വദേശിയായ 59-കാരിയുടെ സ്വർണമാല ഇയാൾ ബൈക്കിലെത്തി പൊട്ടിച്ചിരുന്നു. ഭർത്താവിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു സംഭവം.പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ബൈക്കിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് കിട്ടിയത്. എത്രശ്രമിച്ചിട്ടും മോഷ്ടാവ് എത്തിയ ബൈക്കിന്റെ നമ്പർപ്ലേറ്റുപോലും വ്യക്തമായിരുന്നില്ല.
ഇതിൽ നിന്ന് നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കുസാറ്റിലെ കമ്പ്യൂട്ടർ വിഭാഗത്തിലെ പ്രൊഫ. വിഷ്ണുകുമാറിന്റെ സഹായം പൊലീസ് തേടുകയായിരുന്നു.ഡിജിറ്റൽ ഇമേജിംഗ് പ്രോസസിംഗിലൂടെ ദൃശ്യങ്ങൾക്ക് വ്യക്തത വരുത്തിയപ്പോൾ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി ഉപയോഗിച്ചത് മരടിൽ നിന്ന് മോഷണം പോയ ബൈക്കാണെന്നും കണ്ടെത്തി. ഇതേ ബൈക്കിൽ വീണ്ടും മാല പൊട്ടിക്കലിന് എത്തിയപ്പോൾ കങ്ങാരപ്പടിയിൽ നിന്ന് തൃക്കാക്കര എസ്.എച്ച്.ഒ. എ.കെ. സുധീർ, എസ്.ഐ. വി.ബി. അനസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.