തൊഴില്‍ രഹിതരെ അന്വേഷിച്ച് സര്‍ക്കാര്‍ ഇന്നുമുതല്‍ വീടുകളിലെത്തും

തിരുവനന്തപുരം : തൊഴിൽരഹിതരെ തേടി സംസ്ഥാന സർക്കാർ വീടുകളിലേക്ക്‌. കെ ഡിസ്‌കിനു കീഴിലെ കേരള നോളജ്‌ ഇക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണപരിപാടിക്കും വിവരശേഖരണത്തിനും ഞായറാഴ്‌ച തുടക്കമാകും. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ്‌ സംസ്ഥാന ചരിത്രത്തിന്റെ ഭാഗമാകുന്ന തൊഴിൽരഹിത സർവേ. എറണാകുളം ഒഴികെയുള്ള ജില്ലകളിൽ ഏഴുലക്ഷത്തിലേറെ സന്നദ്ധപ്രവർത്തകർ എട്ടുദിവസത്തിൽ‌ പ്രചാരണവും വിവരശേഖരണവും പൂർത്തിയാക്കും. പതിനഞ്ചിനുള്ളിൽ 83.49 ലക്ഷം കുടുംബത്തിൽ ഇവർ എത്തും. ഇതിന്‌ ഒരുലക്ഷത്തോളം പേരെ‌ കില നേതൃത്വത്തിൽ പരിശീലിപ്പിച്ചു. എറണാകുളത്ത്‌ ഉപതെരഞ്ഞെടുപ്പിനുശേഷമാകും പ്രചാരണം.

ഓരോ വാർഡിലും 150 വീടിന്‌ അഞ്ച്‌ അംഗങ്ങളുള്ള സന്നദ്ധസംഘം പ്രവർത്തിക്കും. എഡിഎസ്‌, ഓക്‌സിലറി ഗ്രൂപ്പ്‌, അങ്കണവാടി, ആശാ, യൂത്ത്‌ ക്ലബ്‌, റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കാളിയാകും. സർക്കാരിതര മേഖലകളിൽ തൊഴിലന്വേഷിക്കുന്ന 18–-59 പ്രായക്കാരുടെ വിവരങ്ങൾ വീടുകളിൽനിന്ന്‌ നേരിട്ട്‌ ശേഖരിക്കും. ഡിജിറ്റൽ സർവകലാശാല തയ്യാറാക്കിയ ‘ജാലകം’ മൊബൈൽ ആപ്ലിക്കേഷൻ ഇതിന്‌ ഉപയോഗിക്കും. തൊഴിലന്വേഷകർക്ക്‌ knowledgemission.kerala.gov.in  പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും തുടർപ്രവർത്തനങ്ങൾക്കും പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകർ–-കമ്യൂണിറ്റി അംബാസഡർമാർ–- നിർദേശം നൽകും.‌  വാർഡ്‌ ജനപ്രതിനിധി പ്രചാരണത്തിന്റെ വാർഡുതല നേതൃത്വത്തിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *