പോക്‌സോ കേസില്‍ അറസ്റ്റിലായ റോയ് വയലാട്ട് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍. രണ്ടാം പ്രതി സൈജുതങ്കച്ചനും കീഴടങ്ങി. അഞ്ജലിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: | പോക്‌സോ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമയാണ് റോയ് .
കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ രക്തസമ്മര്‍ദം ഉയരുകയായിരുന്നു.

അതിനിടെ, കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ പൊലീസില്‍ കീഴടങ്ങി. കൊച്ചി മെട്രോ സ്റ്റേഷനിലാണ് സൈജു തങ്കച്ചന്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഹോട്ടല്‍ ഉടമ റോയി വയലാട്ട് ഇന്നലെയാണ് കീഴടങ്ങിയത്. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. സൈജു തങ്കച്ചനും, റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഡിജിപി വി യു കുര്യക്കോസ് പറഞ്ഞു. സൈജുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

അതേസമയം,, കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസയച്ചു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാന്‍ തന്റെ പേര് മനപൂര്‍വം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്. എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *