കെ സുധാകരനും വി.ഡി സതീശനും ഉടക്കില്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു

തിരുവനന്തപുരം: നേതാക്കള്‍ തമ്മിലെ സ്വരചേര്‍ച്ചയില്ലായ്മ കോണ്‍ഗ്രസിന് തലവേദനയാകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഏറെ നാളായി നില്‍ക്കുന്ന മുറുമുറുപ്പും തര്‍ക്കങ്ങളും യുഡിഎഫ് യോഗങ്ങളിലും പ്രതിഫലിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.പൊതു സമൂഹത്തിന് മുന്നില്‍ ഇരുവരും ഒറ്റകെട്ടാണെന്ന് വരുത്തി തീര്‍ക്കുമെങ്കിലും നേതൃയോഗങ്ങളില്‍ ഇവരുടെ അസാന്നിദ്ധ്യങ്ങള്‍ പതിവായി മാറുകയാണ്. ഇന്ന് നടന്ന ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കാത്തത് ഇതിന് തെളിവാണ്. അതിനിടെ നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഏകോപനക്കുറവാണ് യോഗം മാറ്റിവയ്ക്കാന്‍ ഇടയാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം മാറ്റിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുകയാണ്.

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ, നിയമസഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ , തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മിഷന്‍ 25, കെപിസിസി പുനസംഘടന എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. ഇതെല്ലാം മുന്നില്‍ നില്‍ക്കെയാണ് യോഗം മാറ്റിയത്.

ഞായറാഴ്ച യോഗം വിളിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. യോഗത്തിനെത്താന്‍ കഴിയില്ലെന്ന് ചില നേതാക്കള്‍ പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല. ഇതില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അതൃപ്തിയിലാണ് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *