കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; പുരുഷ സംഘടനകളുടെ പ്രതിഷേധം സെക്രട്ടറിയറ്റിന് മുന്നിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ സാമ്പത്തിക മാനദണ്ഡങ്ങൾ നോക്കാതെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലെ വിവേചനത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരമ്പി. ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിന് മുന്നിലാണ് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പുരുഷനായി ജനിച്ചതുകൊണ്ട് മാത്രം സമൂഹത്തിലും നിയമവ്യവസ്ഥയിലും ഒരിടത്തും നീതി ലഭിക്കുന്നില്ലെന്ന ഗുരുതരമായ ആരോപണമാണ് സംഘടന ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും ശക്തമായ ഒരു വോട്ട് ബാങ്ക് ആണെന്ന കാര്യം ഭരണാധികാരികൾ മറക്കരുതെന്ന് പ്രതിഷേധക്കാർ സർക്കാരിനെ ഓർമ്മിപ്പിച്ചു.

കെഎസ്ആർടിസിയിൽ നിലവിൽ നടപ്പിലാക്കാൻ ആലോചിക്കുന്ന സൗജന്യ യാത്രാ പദ്ധതിയിലെ പ്രായോഗിക വൈകല്യങ്ങളെയാണ് സംഘടന പ്രധാനമായും ചോദ്യം ചെയ്യുന്നത്. സാമ്പത്തികമായി ദരിദ്ര പശ്ചാത്തലമുള്ള സ്ത്രീകളെ സഹായിക്കുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് വ്യക്തമാക്കിയ പ്രതിഷേധക്കാർ, എന്നാൽ യാതൊരു മാനദണ്ഡവുമില്ലാതെ ഉയർന്ന വരുമാനമുള്ളവർക്ക് കൂടി കെഎസ്ആർടിസി സൗജന്യ ടിക്കറ്റ് നൽകുന്നത് നികുതിപ്പണത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു.

ലക്ഷക്കണക്കിന് രൂപ മാസശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഐടി മേഖലയിലെ ഉന്നത ജീവനക്കാർക്കും വരെ സൗജന്യ യാത്ര അനുവദിക്കുന്നത് ഒഴിവാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പകരം റേഷൻ കാർഡ് അടിസ്ഥാനമാക്കി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

സ്ത്രീകൾക്ക് മാത്രം ആനുകൂല്യങ്ങൾ വാരിക്കോരി നൽകുമ്പോൾ സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങളെ സർക്കാർ വിസ്മരിക്കുകയാണെന്ന് മെൻസ് അസോസിയേഷൻ കുറ്റപ്പെടുത്തി. പ്രായമായ പുരുഷന്മാർക്കും വിദ്യാർഥികൾക്കും യാത്രകളിൽ അർഹമായ പരിഗണന നൽകണം. സ്ത്രീകൾക്ക് നൽകുന്നതിന് സമാനമായ രീതിയിൽ അറുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പുരുഷന്മാർക്കും കെഎസ്ആർടിസിയിൽ പൂർണ്ണ സൗജന്യ യാത്രാ സൗകര്യം അനുവദിക്കാൻ സർക്കാർ തയ്യാറാകണം.

ഇതിനൊപ്പം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ ആൺകുട്ടികളായ വിദ്യാർഥികൾക്കും സൌജന്യ യാത്ര ഉറപ്പാക്കേണ്ടതുണ്ട്. പ്രതിദിനം 42 രൂപ വരെ യാത്രാക്കൂലി നൽകി പഠിക്കാൻ പോകേണ്ടി വരുന്ന സാധാരണക്കാരായ വിദ്യാർഥികളുടെ ദുരിതാവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സംഘടന ഭാരവാഹികൾ വാർത്താ മാധ്യമങ്ങളോട് വ്യക്തമാക്കി.