നിയമസഭയില്‍ ഇന്ന്‌

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിക്കില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയില്‍ വ്യക്തമാക്കി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെയും റെയില്‍ മന്ത്രാലയത്തിന്റെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണു പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുള്‍പ്പെടെയുള്ള നിക്ഷേപപൂര്‍വ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. പഠനത്തില്‍ ലഭിക്കുന്ന വസ്തുതയുമായി ബന്ധപ്പെട്ടായിരിക്കും ഭൂമി ഏറ്റെടുക്കണമോയെന്നു തീരുമാനിക്കുക. നിലവില്‍ ഭൂമി ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ഉത്തരവു പിന്‍വലിക്കേണ്ടതുമില്ല. പഠനം നടക്കുന്നതു ഭൂമി ഏറ്റെടുക്കുന്നതായി കാണേണ്ടതില്ല. നിലവില്‍ ഇറങ്ങിയ വിജ്ഞാപനം കൊണ്ട് ആളുകള്‍ക്കു ബുദ്ധിമുട്ടും സാങ്കേതിക തടസവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ പദ്ധതികള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്നതു വസ്തുതയാണ്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ വരികയും കേന്ദ്രത്തിലെ ഭരണകക്ഷി തന്നെ എതിര്‍ നിലപാടു സ്വീകരിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം അറച്ചു നിന്നു. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നു ചില എതിരഭിപ്രായങ്ങളും വന്നു. ഇതോടെ അനുമതി നല്‍കുന്നത് കേന്ദ്രം വൈകിപ്പിച്ചു. എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് കേന്ദ്രാനുമതി തരേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫുഡ്‌സേഫ്റ്റി ഇന്റക്‌സില്‍ കേരളം ആറാം സ്ഥാനത്ത് : മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ഇന്റക്‌സില്‍ കേരളം ആറാം സ്ഥാനത്താണെന്നു മന്ത്രി വീണ ജോര്‍ജ്. ഇതു മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിലെ മാനദണ്ഡമായ സേഫ് ഫുഡ് ഷെയര്‍ ഫുഡില്‍ കേരളം പിന്നിലാണ്. വിശേഷാവസരങ്ങളിലെ അധിക ഭക്ഷണം പങ്കിടുന്ന സമ്പ്രദായം മറ്റു സംസ്ഥാനങ്ങളിലുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം ആഹാരം കൊടുക്കാനും സ്വീകരിക്കാനും ആളുകളില്‍ വിമുഖതയുണ്ട്. ഈ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു നടപടി ആരംഭിച്ചിട്ടുണ്ട്.
സേഫ് ഫുഡ് ഷെയര്‍ ഫുഡ് എന്ന സംസ്‌കാരം കേരളത്തില്‍ വളര്‍ന്നു വരണം. അധിക ഭക്ഷണം വാങ്ങുന്നതിലും ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇതും മാറണം. അതിനായി അവബോധമുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കും. വലിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ അധിക ഭക്ഷണം എന്നതിലുപരി കൂടുതല്‍ ഭക്ഷണമുണ്ടാക്കി നിര്‍ബന്ധമായും വിതരണം ചെയ്യണമെന്ന രീതിയിലേക്ക് ആളുകള്‍ മാറണം. മിച്ചം വരുന്ന ഭക്ഷണം കൊടുക്കുന്നുവെന്ന രീതിയിലുള്ള വിമുഖതയും ഇതുമൂലം മാറുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഈവര്‍ഷം 24,563 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 24,563 മയക്കു മരുന്നു കേസുകള്‍് രജിസ്റ്റര്‍ ചെയ്‌തെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 27088 പ്രതികളെയാണു കേസില്‍ അറസ്റ്റു ചെയ്തത്. കേസുകളില്‍ 3039 കിലോ കഞ്ചാവ്, 14 കിലോ എംഡിഎംഎ, രണ്ടു കിലോയിലധികം ഹാഷിഷ്, ഒരു കിലോയിലധികം ബ്രൗണ്‍ ഷുഗര്‍, 36 കിലോയിലധികം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. മയക്കു മരുന്ന് കേസുകളില്‍ സ്ഥിരം കുറ്റവാളികളായ 94 പേര്‍ക്കെതിരെയും ആവര്‍ത്തിച്ചു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 1277 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്‌സ് വ്യാപകമായി വര്‍ധിക്കുന്നത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിനു വേണ്ടി മാത്രം പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ്, ടൂറിസ്റ്റ് കേന്ദ്രം, റിസോര്‍ട്ട് എന്നിവ കേന്ദ്രീകരിച്ചും നിശാപാര്‍ട്ടികളിലും പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. സംസ്ഥാനത്തു വ്യാപകമായി ബാര്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരമ്പരാഗത കോഴ്‌സുകളില്‍ മാറ്റം വേണം : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരമ്പരാഗത കോഴ്‌സുകളില്‍ കാലാനുസൃതമായി മാറ്റം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികാധിഷ്ടിത ഉന്നത വിദ്യാഭ്യാസ ശാക്തീകരണം പ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ചു വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ളതും അവര്‍ ആവശ്യപ്പെടുന്നതുമായ കോഴ്‌സുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കനുസൃതമായ കോഴ്‌സുകള്‍ക്കാണ് ഇതില്‍ പ്രാധാന്യം നല്‍കുക. ഇക്കാര്യങ്ങള്‍ പരിഗണിച്ചു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഡിജിറ്റല്‍ സയനന്‍സ് പാര്‍ക്കിന്റെ താല്‍ക്കാലിക പ്രവര്‍ത്തനം ടെക്ക്‌നോ സിറ്റിയിലെ കബനി ബ്ലോക്കില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് മെട്രോയ്ക്കു കേന്ദ്രാനുമതി ലഭിച്ചില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
നാറ്റ് പാക്ക് വഴിയോ മറ്റ് അക്രഡിറ്റഡ് ഏജന്‍സീസ് വഴിയോ പുതിയ കോംപ്രിഹന്‍സീവ് മൊബിലിറ്റി പ്ലാനും ആള്‍ട്ടര്‍നേറ്റീവ് അനലൈസ് റിപ്പോര്‍ട്ടും തയ്യാറാക്കി നല്‍കും.തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മാര്‍നിര്‍ദേശങ്ങള്‍ അനുസരിച്ച് പുതുക്കിയ ഡീറ്റെല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം അടുത്തവര്‍ഷം മാര്‍ച്ചോടെ ആരംഭിക്കും. നിലവില്‍ പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കാനുള്ള ടെണ്ടര്‍ നപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *