ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല’: മന്ത്രി വാസവനെതിരെ മാല പാര്‍വ്വതി

നിയമസഭയിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ ‘കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലിപ്പം’ എന്ന പരാമർശത്തിനെതിരെ പ്രതികരണവുമായി നടി മാല പാർവ്വതി. ‘അളക്കാനാവാത്ത പൊക്കം ! ഇന്ദ്രൻസ് ചേട്ടനെ അളക്കാനുള്ള അളവ് കോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല’ എന്നാണ് മാല പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
അതേസമയം മന്ത്രിയുടെ പരാമർശത്തിൽ ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തിൽ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചു. ”മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?. ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.”-ഇന്ദ്രൻസ് പറഞ്ഞു.