വി.ഡി. സതീശനെ ആദരിച്ചു മമ്മൂട്ടി; മുഖ്യമന്ത്രിപദം വലിയ ഉത്തരവാദിത്തമെന്ന് പ്രതികരണം

മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസ കൊണ്ട് മൂടി നടൻ മമ്മൂട്ടി. താൻ പല ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ പദവി വഹിക്കുക എന്നത് അതീവ ദുഷ്കരവും ഉത്തരവാദിത്തവുമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കൊച്ചി പൗരാവലിയുടെ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ആന്ധ്രയുടെയും മുഖ്യമന്ത്രിയായി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയം കുറച്ചു കാലത്തേക്കുള്ളതാണ്, പരിചയം കൊണ്ട് അത് എളുപ്പവുമാണ്. എന്നാൽ യഥാർത്ഥ മുഖ്യമന്ത്രിയാകുക എന്നത് അങ്ങനെയല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് വി.ഡി. സതീശന്റെ ചുമലിലുള്ളത്. മന്ത്രിമാരെ നയിക്കാനും സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന് നീതിപൂർവ്വം സാധിക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. എറണാകുളം ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ സതീശനും മറ്റ് മന്ത്രിമാർക്കും എം.എൽ.എമാർക്കുമായാണ് കൊച്ചി പൗരാവലി സ്വീകരണം സംഘടിപ്പിച്ചത്.