ദമ്പതികളുടെയും സുഹൃത്തിന്റെയും കൂട്ട മരണം; ദുരൂഹത ബ്ലാക്ക് മാജിക്കിലേക്ക്

തിരുവനന്തപുരം: മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കോട്ടയത്തുള്ള നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയുമാണ്‌ മരിച്ച നിലയില്‍ കണ്ടത്. അരുണാചല്‍ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആര്യയുടെ തിരോധാനം അന്വേഷിക്കുമ്പോഴാണ് നവീനും ഭാര്യ ദേവിയുമായുള്ള ബന്ധം പോലീസ് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയില്‍ മൂവരും ജീവനൊടുക്കിയതായി കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം. ആത്മഹത്യ കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ‘സന്തോഷകരമായി ജീവിച്ചു. ഇനി പോവുകയാണ്’ എന്നാണ് കുറിപ്പില്‍ ഉള്ളത്.

ആര്യ തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയാണ്. ആര്യയെ കഴിഞ്ഞ മാസം 27 മുതല്‍ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് ആര്യയ്ക്കൊപ്പം ഇതേ സ്കൂളില്‍ മുന്‍പ് പഠിപ്പിച്ചിരുന്ന കോട്ടയം സ്വദേശികളായ ദമ്പതിമാരെയും കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ഇവര്‍ മൂന്നുപേരും വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്നും ഗോഹട്ടിയിലേക്ക് പോയതായ വിവരം പോലീസിന് ലഭിച്ചു. പോലീസ് ഈ വിവരം അസം പോലീസിന് കൈമാറി.

അസം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണാചല്‍ ഇറ്റാനഗറിലെ ഒരു ഹോട്ടല്‍ മുറിയില്‍ മൂവരും ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. വീട്ടിലെ ഫോണ്‍ നമ്പര്‍ ഇവര്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ അസം പോലീസ് നേരിട്ടുതന്നെ വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *