തിരുവനന്തപുരം : കേരള സർവകലാശാലയിൽ നിന്ന് എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സമിതി. ഉത്തരകടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാണ് അന്വേഷണ സമിതിയുടെ ശുപാർശ. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിൽ പൊലീസ് അന്വേഷണം വേണമെന്നും നിർദേശമുണ്ട്.
അതേസമയം പുനഃപരീക്ഷയ്ക്ക് ചിലവായ തുക സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഈടാക്കും. സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത എല്ലാ അധ്യാപകർക്കും പ്രത്യേക ഐഡി നൽകും. അധ്യാപക നിയമനത്തിനുള്ള യോഗ്യത മാനദണ്ഡം പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
അധ്യാപകൻ്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ 71 വിദ്യാർത്ഥികൾക്ക് നിർദേശം നൽകുകയായിരുന്നു. ജനുവരി 13ന് ഉത്തര പേപ്പർ നഷ്ടപ്പെട്ടിട്ടും സർവകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു
സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകന്റെ ഭാഗത്തുനിന്നായിരുന്നു വീഴ്ച സംഭവിച്ചത്. ജനുവരി 13ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഉത്തരക്കടലാസ് ഉൾപ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായെന്നായിരുന്നു അധ്യാപകൻ പറഞ്ഞത്. ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 10 കിലോമീറ്റർ ആകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.. സർവകലാശാലയെ വിഷയം അറിയിച്ചിരുന്നതായും അധ്യാപകൻ പറഞ്ഞിരുന്നു.