മീഡിയവണ്‍ ചാനലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: മീഡിയവണ്‍ ചാനലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ജനുവരി 31 നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തളളിയത്. കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം.

സംപ്രേഷണം വിലക്കിയ നടപടിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് ഹാജരാകുന്നത്

ഒരു വാര്‍ത്താചാനലിന് അപ്‌ലിങ്കിംഗിന് അനുമതി നല്‍കാനുള്ള പോളിസി പ്രകാരം ലൈസന്‍സ് പുതുക്കുമ്‌ബോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന മീഡിയ വണ്ണിന്റെ വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുരാണവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലില്‍ പറയുന്നു.ഒരു വാര്‍ത്താ ചാനലകുമ്പോള്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *