അസുഖബാധിതയായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ സ്‌കൂള്‍ അധികൃതര്‍ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി റിപ്പോര്‍ട്ട് തേടി. സംഭവം അന്വേഷിച്ച് ഡി പി ഐ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. തിരുവനന്തപുരം നഗരത്തിലെ കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിനിക്ക് ദുരനുഭവമുണ്ടായത്.
ശാരീരിക വയ്യായ്മയുണ്ടെന്ന് അധ്യാപകരോട് കുട്ടി പറഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ മാതാവിനെ വിളിക്കാനോ സമ്മതിച്ചില്ലെന്നാണ് പരാതി. ദേശീയ ബാഡ്മിന്റണ്‍ താരം കൂടിയാണ് വിദ്യാര്‍ഥിനി. വ്യാഴാഴ്ച പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ കഴിഞ്ഞയുടനെയാണ് ആരോഗ്യ പ്രശ്‌നം പെണ്‍കുട്ടി അധ്യാപകരെ അറിയിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും.