ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവൻ എം പി. യൂത്ത് കോൺഗ്രസിന്റെ പരിപാടി മാറ്റി വെച്ചതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്നും തരൂരിന്റെ പരിപാടി എം കെ രാഘവൻ തനിച്ച് തീരുമാനിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണ കമ്മിഷനെ വെക്കണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ ഡിസിസി പ്രസിഡന്റിനെതിരെയും എം കെ രാഘവൻ പരോക്ഷ വിമർശനം ഉന്നയിച്ചു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ല. ശശി തരൂരിന്റെ പരിപാടിയ്ക്കായി ലോകം കാത്തിരിയ്ക്കുകയാണ്. കെ സുധാകരനും കെ മുരളിധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും ശശി തരൂരിന്റെ പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഷയത്തിൽ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.