വനിതാ സംവരണ ബില്ലിൽ രാഷ്‌ട്രീയം കാണരുതെന്ന് മോദി

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രനിമിഷമെന്നാണ് പ്രധാനമന്ത്രി ലോക്‌സഭയിൽ ബില്ലിനെ വിശേഷിപ്പിച്ചത്. സ്‌ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള അവസരമാണിത്. ഈ അവസരം കളയരുതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയവും ദിശയും മാറ്റിമറിക്കുന്ന ബില്ലാണത്. ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ എതിർക്കുന്നവർക്ക് രാജ്യം മാപ്പ് നൽകില്ല. ബില്ലിൽ രാഷ്‌ട്രീയം കാണരുത്. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ ലോക്‌സഭയിലെ സംവരണം എതിർക്കുന്നു. സ്വന്തം സ്ഥാനം പോകുമെന്ന പേടിയാണ് ചിലർക്ക്. ബില്ലിനെ എതിർക്കുന്നവർക്ക് ദീർഘകാലം വില നൽകേണ്ടിവരും. ബില്ലിനെ രാഷ്‌ട്രീയ തുലാസുകൊണ്ട് അളക്കരുത്.
ലോക്‌സഭാംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്‌ത്രീകൾ നിരീക്ഷിക്കുന്നുണ്ട്. വിഘടിത കാഴ്‌ചപ്പാടുള്ളവർ കള്ളപ്രചാരണം നടത്തുന്നു. എല്ലാവർക്കും തുല്യപ്രാധാന്യം നൽകും’ – മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം.2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കാൻ ലോക്‌സഭാ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കുന്നതാണ് ബില്ല്. ഇതിനെ ഒറ്റക്കെട്ടായി എതിർക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്‌സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർദ്ധപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.