ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ മോഹൻലാലിന്

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. 2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന്(ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.
നിരവധി പേരാണ് മലയാളത്തിന്‍റെ പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്. മോഹൻലാലിൻ്റെ നേട്ടം മലയാള സിനിമയുടെ അഭിമാന നിമിഷമെന്നാണ് സംവിധായകൻ കമൽ പറഞ്ഞത്. മോഹൻലാലിനെ ഒരു താരമായി മാത്രം കാണാനാകില്ലെന്നും ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും കമൽ പ്രതികരിച്ചു.
മലയാള സിനിമാ മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ് നടന്‍ മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി മാറിയ മോഹന്‍ലാല്‍ ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകര്‍ന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. അഭിനേതാവിന് പുറമെ പിന്നണി ഗായകനായും നിര്‍മാതാവായും മോഹന്‍ലാല്‍ തിളങ്ങി. രണ്ട് മികച്ച നടന്‍ അടക്കം അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ നേരത്തെ മോഹന്‍ലാലിനെ തേടി എത്തിയിട്ടുണ്ട്. 2001ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. 2019ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.