മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ; രേഖകളുമായി വീണ്ടും ഇഡിക്ക് മുന്നിൽ ടി. വീണ

സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ വീണ്ടും ഹാജരായി. ഈ മാസം 29-ന് ഹാജരാകാം എന്ന് വീണ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇഡിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് അടിയന്തരമായി വീണ്ടും ഹാജരായത്. ജൂൺ 17-ന് നടന്ന ആദ്യ ചോദ്യം ചെയ്യലിൽ പല നിർണായക രേഖകളും ഹാജരാക്കാൻ വീണ കൂടുതൽ സമയം ചോദിച്ചിരുന്നു. ഇതിനിടയിൽ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങളും കരാറുകളും പരിശോധിച്ച ഇഡി, തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലുള്ള ഇവരുടെ ലോക്കർ അടക്കം തുറന്ന് വിപുലമായ പരിശോധന നടത്തിയിരുന്നു. കൂടാതെ, സി.എം.ആർ.എൽ, എംപവർ ഇന്ത്യ എന്നീ കമ്പനികളുടെ ഡയറക്ടർമാരായ കർത്താ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ശേഖരിച്ച മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിർണായക നീക്കം.
എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 സുപ്രധാന രേഖകൾ ഇന്നലെ ഇഡിക്ക് ലഭിച്ചതോടെ വീണയുടെ ചോദ്യം ചെയ്യൽ അതീവ സങ്കീർണ്ണമാകും. കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ എല്ലാ ഡിജിറ്റൽ തെളിവുകളും രേഖകളും മുൻനിർത്തിയാണ് ഇഡി സംഘം ചോദ്യം ചെയ്യൽ തുടരുന്നത്. ഇഡി ഡയറക്ടർ രാഹുൽ നവീൻ നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 2024-ൽ ആരംഭിച്ച ഈ അന്വേഷണത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ശക്തമായ തെളിവുകളുടെ പശ്ചാത്തലത്തിൽ ഇഡി ഇനി അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.