കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം,
മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. ചാക്കയില്‍ ബുധനാഴ്ച രാത്രി നടന്ന അപകടത്തില്‍ വള്ളക്കടവ് സ്വദേശി സുമേഷ് മരിച്ചിരുന്നു.വാഹനാപകടമെന്നു കരുതിയ കേസാണ് കൊലപാതകമെന്ന് തെളിഞ്ഞത്. തുടക്കത്തില്‍ വാഹനാപകടമാണെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാല്‍ മരിച്ചതു കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.


കാരാളി അനൂപ് വധക്കേസിലെ പ്രതിയാണ് മരിച്ച സുമേഷ്.ചാക്ക ബൈപ്പാസിലെ ബാറില്‍ നിന്ന് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ബാറില്‍ വച്ച് മറ്റൊരു സംഘവുമായി സുമേഷ് വഴക്കിടുകയും അടിപിടികൂടുകയും ചെയ്തതായി പോലീസ് പറയുന്നു. തുടര്‍ന്ന് കാറില്‍ കാത്തുനിന്ന സംഘം ചാക്ക ബൈപ്പാസില്‍ വച്ച് സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


ബാറില്‍ വച്ചുണ്ടായ കയ്യാങ്കളിയാണ് പ്രകോപനത്തിന് കാരണം. സുമേഷും സുഹൃത്തും ബൈക്കില്‍ വരവെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം രക്ഷപ്പെട്ടു.അല്പംകഴിഞ്ഞ് സ്ഥലത്തെത്തിയ വഞ്ചിയൂര്‍ പോലീസാണ് റോഡരികില്‍ പരിക്കേറ്റ് കിടക്കുന്ന സുമേഷിനെയും സുഹൃത്തിനെയും ആശുപത്രിയില്‍ എത്തിച്ചത്. വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനഃപൂര്‍വമുണ്ടാക്കിയ അപകടമാണെന്ന് വ്യക്തമാവുകയും ചെയ്തത്.


സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സുമേഷിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുമേഷ് തത്ക്ഷണം മരിച്ചതായി വഞ്ചിയൂര്‍ പോലീസ് അറിയിച്ചു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ പരിക്കേറ്റു ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *