കോഴിക്കോട്: കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുക്കില്ല. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും പങ്കെടുക്കാത്തതെന്നാണ് സൂചന. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
ഇന്നും നാളെയുമാണ് കോഴിക്കോട് ചിന്തന്‍ ശിബിരം നടക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വീക്ഷണവും, വികസന സങ്കല്‍പവും, സംഘടനാ പദ്ധതികളും തുറന്ന ചര്‍ച്ചക്ക് വിധേയമാക്കാനും നൂതന ആശയങ്ങള്‍ സ്വീകരിക്കാനുമാണ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്.