യുഡിഎഫിൽ വോട്ടെടുപ്പിന് പിന്നാലെ ഉയർന്നുവന്ന മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

യുഡിഎഫിൽ വോട്ടെടുപ്പിന് പിന്നാലെ ഉയർന്നുവന്ന മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി മുസ്ലിം ലീഗ്. അധികാരം കിട്ടുന്നതിന് മുൻപേ സ്ഥാനമാനങ്ങൾക്കായി തർക്കിക്കുന്നത് മുന്നണിയുടെ അന്തസ്സിനെ ബാധിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.
കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. വിജയം ഉറപ്പാക്കുന്നതിന് മുൻപേയുള്ള ഈ കടിപിടി യുഡിഎഫിന്റെ രാഷ്ട്രീയ രീതിയല്ല. മുഖ്യമന്ത്രി പദത്തെക്കുറിച്ച് യുഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുക്കുകയാണെങ്കിൽ, അത് മുസ്ലിം ലീഗിൽ നിന്നാകട്ടെ എന്ന് മുന്നണി തീരുമാനിച്ചാൽ തങ്ങൾ അത് വേണ്ടെന്ന് പറയില്ല. എല്ലാ കാര്യങ്ങളും മെയ് നാലിന് ശേഷം ഏകകണ്ഠമായി തീരുമാനിക്കും. പരസ്യ പ്രസ്താവനകൾ യുഡിഎഫിന്റെ സൽകീർത്തിക്ക് കളങ്കമാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് കൂടുതൽ ജാഗ്രത പുലർത്തണം.
കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചുള്ള സോഷ്യൽ മീഡിയ പോരുകളും വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദങ്ങളും കൊഴുക്കുന്നതിനിടയിലാണ് ലീഗിന്റെ ഈ കർക്കശ നിലപാട്. മുഖ്യമന്ത്രി ചർച്ചകൾ അതിരുവിടുന്നത് വരാനിരിക്കുന്ന ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മുന്നണിക്കുണ്ടാകേണ്ട ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.