കാസര്‍കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് ആരെവേണോ കണ്ടോട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. തൃശ്ശൂര്‍ പൂരം കലക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയാണ് താന്‍ അസംബന്ധം എന്ന് പറഞ്ഞത്. എഡിജിപി ആരെ കാണാന്‍ പോകുന്നതും തങ്ങള്‍ക്ക് പ്രശ്നമല്ല. സിപിഎമ്മിന്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവര്ക്കും അറിയാം. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണ്. അത് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാന്‍ വാട്സ്ആപ്പ് നമ്പര്‍ വെച്ച പിവി അന്‍വറിന്റെ പ്രവര്‍ത്തിയില്‍ തെറ്റില്ലെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന് പറഞ്ഞു.