തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേ കേരളത്തെ സ്തംഭിപ്പിച്ച രണ്ടുദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന് വന്‍ ബാദ്ധ്യതയാകും. രണ്ടുദിവസം കേരളം പൂര്‍ണ്ണമായി സ്തംഭിച്ചതോടെ അവസാന ദിവസങ്ങളില്‍ ലഭിക്കേണ്ട വരുമാനത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. അതുപോലെ ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും ബില്ലുകള്‍ മാറുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അതേസമയം കടകള്‍ അടയ്പ്പിക്കില്ലെന്ന നേതാക്കളുടെ വിശദീകരണം വിലപ്പോയില്ല. പലേടത്തും സമരാനുകൂലികള്‍ ഇടപെട്ട് തന്നെ തുറന്ന കടകള്‍ അടപ്പിച്ചു.
സമസ്തമേഖലകളിലേയും സ്തംഭനം മൂലം കുറഞ്ഞത് പ്രതിദിനം 2500കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകുകയെന്നാണ് ധനകാര്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടുദിവസമാകുമ്പോള്‍ കുറഞ്ഞത് 5000 കോടിയോളം രൂപയുടെ നഷ്ടം വരും. കോവിഡ് പ്രതിസന്ധിയില്‍ ആകെ തകര്‍ന്ന സാമ്പത്തിസ്ഥിതി ഒന്നുമെച്ചപ്പെടുത്താന്‍ സംസ്ഥാനം കിണഞ്ഞുപരിശ്രമിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചതുപോലുള്ള ഈ സമരം.
ഉല്‍പ്പാദന വിപണമേഖലകള്‍ നിലച്ചതാണ് പ്രധാനമായും വരുമാനനഷ്ടത്തിന് വഴിവച്ചിരിക്കുന്നത്. കടകള്‍ തുറക്കാത്തതുകൊണ്ടുതന്നെ കേരളത്തിന്റെ പ്രധാനപ്പെട്ട വരുമാനങ്ങളില്‍ ഒന്നായ ജി.എസ്.ടിയില്‍ വലിയ കുറവാണ് ഉണ്ടാകുക. അതിനേക്കാളുപരി പെട്രോള്‍ പമ്പുകള്‍ അടച്ചുകിടക്കുന്നതാണ് വരുമാനത്തിനെ ഏറെ ബാധിക്കുന്നതും. ഇതോടൊപ്പം റിയല്‍എസ്റ്റേറ്റ് മേഖലയിലേയും വ്യവസായമേഖലയിലേയും സ്തംഭനവും നഷ്ടത്തിന്റെ വ്യാപ്ത വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തികവിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. ഇതിനേക്കാളൊക്കെ തിരിച്ചടിയുണ്ടാക്കുന്നതായിരിക്കും ടൂറിസം മേഖല. നിലവിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് വിലയിരുത്തത് ശരിയാവില്ലെന്നാണ് ബഹുഭൂരിപക്ഷം വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മൂലം കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് കുറവായിരുന്നതുകൊണ്ടുതന്നെ അതുമായി താരതമ്യം ചെയ്യുന്നത് എത്രത്തോളം ശരിയാകുമെന്ന് പറയാനാവില്ലെന്നും’
അതിനേക്കാള്‍ വളരെ കൂടുതലാകാം നഷ്ടമെന്നും അവര്‍ ചുണ്ടിക്കാട്ടുന്നുണ്ട്.
മാത്രമല്ല, കഴിഞ്ഞ നാലുദിവസമായി സാമ്പത്തികസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സാമ്പത്തികവര്‍ഷാവസാനത്തെ തിരക്ക് നിയന്ത്രിക്കാനായി ഈ സമയങ്ങളിലാണ് ബില്ലുകള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം ട്രഷറിയുടെ പ്രവര്‍ത്തനം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത രണ്ടുദിവസങ്ങളില്‍ ഇടപാടുകള്‍ക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകും. ബാങ്കുകളും കഴിഞ്ഞ നാലുദിവസമായ സ്തംഭനാവസ്ഥയിലാതുകൊണ്ടുതന്നെ ചെക്ക് ലഭിച്ചവര്‍ക്ക് അത് മാറാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളുമുണ്ട്. പദ്ധതിപ്രവര്‍ത്തനത്തേയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
അതിനിടയില്‍ തുറക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കില്ലെന്ന നേതാക്കളുടെ വാക്കുകള്‍ക്ക് സമരാനുകൂലികള്‍ ഒരു വിലയും നല്‍കിയില്ല. തലസ്ഥാനജില്ലയില്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നില്ല. ലുലുമാള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അത് സമരക്കാര്‍ അനുവദിച്ചുമില്ല. രാവിലെ മുതല്‍ ലുലുമാളിന് മുന്നില്‍ സമരക്കാര്‍ പ്രതിഷേധിച്ചു. ലുലുമാളിലേക്ക് പോയ ജീവനക്കാരെ കൂട്ടത്തോടെ ഗേറ്റില്‍ തടഞ്ഞു. രണ്ട് മണിക്കൂറോളം ജീവനക്കാര്‍ പുറത്തിരുന്നു. പിന്നീട് പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പക്ഷെ മാള്‍ തുറന്നിട്ടില്ലെന്നും ശുചീകരണത്തിനായാണ് ജീവനക്കാരെ വിളിപ്പിച്ചതെന്നും മാള്‍ അധികൃതര്‍ വിശദീകരിച്ചു. തുറന്ന പെട്രോള്‍ പമ്പുകളും സമരാനുകൂലികള്‍ അടപ്പിച്ചു.