നിയമസഭയില്‍ ഇന്ന് (13.12.2022)

സംസ്ഥാനത്ത് കശുവണ്ടി പ്രതിസന്ധി 2015 മുതല്‍ തുടങ്ങി : മന്ത്രി പി.രാജീവ്
തിരുവനന്തപുരം : സംസ്ഥാനത്ത് കശുവണ്ടി പ്രതിസന്ധി 2015 മുതല്‍ തുടങ്ങിയെന്നു മന്ത്രി പി.രാജീവ് നിയമസഭയില്‍ പറഞ്ഞു. ഒരു കിലോ തോട്ടണ്ടിയുടെ വില 110 രൂപയാണ്. പ്രൊസസിംഗ് ചിലവു 55 രൂപ കൂടിയാകുമ്പോള്‍ ആകെ ചിലവു 165 രൂപയാകും. എന്നാല്‍ ഒരു കിലോ കശുവണ്ടി വില്‍ക്കാനാകുന്നത് 120 രൂപയ്ക്കാണ്. ഫലത്തില്‍ ഒരു കിലോയുടെ പുറത്ത് 40 രൂപ നഷ്ടം വരും. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉല്‍പാദന ചിലവു കുറച്ചും സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും മേഖലയെ ലാഭത്തിലാക്കാനാണു സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മതിയായ തൊഴില്‍ ദിനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇഎസ്‌ഐ ആനുകൂല്യത്തില്‍ നിന്നു കശുവണ്ടി തൊഴിലാളികള്‍ പുറത്താകുന്ന സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും. ആറു മാസത്തില്‍ 78 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇഎസ്‌ഐ ആനുകൂല്യം ലഭിക്കൂ. പരാമ്പരാഗത വ്യവസായങ്ങളുടെ കാര്യത്തില്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ ഈ നിലപാടുകള്‍ തിരുത്തേണ്ടതാണെന്നു മന്ത്രി വ്യക്തമാക്കി. തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനടക്കം ഒരു പ്രത്യേക പാക്കേജ് കൂടി കൊണ്ടുവരാന്‍ വിദഗ്ധ സമിതിയോടു സര്‍ക്കാര്‍ നിര്‍ദേശിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാക്ടറികള്‍ മെച്ചപ്പെടുത്താന്‍ ഈ മാസം തന്നെ പദ്ധതി പ്രഖ്യാപിക്കും. കശുവണ്ടി തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കുന്നതു നിലവില്‍ പരിഗണനയിലില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.
സിമന്റ് വില വര്‍ധനവില്‍ ഇടപെടുന്നതിനു പരിമിതിയുണ്ട് : മന്ത്രി പി.രാജീവ്
തിരുവനന്തപുരം : മൊത്തം സിമന്റ് വിപണിയില്‍ മലബാര്‍ സിമന്റിന്റെ സാന്നിധ്യം ആറു ശതമാനം മാത്രമാണെന്നും അതുകൊണ്ടു തന്നെ സിമന്റ് വില വര്‍ധനവില്‍ ഇടപെടുന്നതിനു സര്‍ക്കാരിനു വലിയ പരിമിതിയുണ്ടെന്നും മന്ത്രി പി രാജീവ പറഞ്ഞു. സിമന്റും മണലും സംയോജിപ്പിച്ചുള്ള പുതിയ മൂല്യ വര്‍ധിത ഉല്‍പന്നം ജനുവരി ഒന്നു മുതല്‍ മലബാര്‍ സിമന്റ്‌സ് പുറത്തിറക്കും. സ്ഥാപനത്തിലെ സ്ഥിരം എംഡി എന്നതു പരിഹരിക്കുന്നതിനു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി ഉടന്‍ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി മേഖലയിലെ പ്രതിസന്ധി മൂലം ആരും ആത്മഹത്യ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല : മന്ത്രി രാജീവ്
തിരുവനന്തപുരം : കശുവണ്ടി മേഖലയില്‍ പ്രതിസന്ധിമൂലം ആരും ആത്മഹത്യചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു മന്ത്രി പി.രാജീവ്. എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ പേരു സഹിതം വെളിപ്പെടുത്തിയും ഇതുപോലും നല്‍കാത്ത ഉദ്യോഗസ്ഥരുടെ നടപടി ദൗര്‍ഭാഗ്യകരമെന്നും പി.സി.വിഷ്ണുനാഥ് ചോദ്യോത്തര വേളയില്‍ വിമര്‍ശിച്ചു. കശുവണ്ടി വ്യവസായം തകര്‍ന്നതു കാരണം വ്യവസായികള്‍ ആത്മഹത്യ ചെയ്തതായി ശ്രദ്ധയില്‍പെട്ടില്ലെന്നും എന്നാല്‍ പ്രതിസന്ധികള്‍ നിരവധി വ്യവസായികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. വിവിധ കാരണങ്ങളാല്‍ മേഖലയിലുണ്ടായ പ്രതിസന്ധിമൂലം വ്യവസായികളുടെ ബാങ്കുകളുടെ കുടിശിക വര്‍ധിക്കുകയും തിരിച്ചടവു മുടങ്ങുകയും ജപ്തി നടപടികള്‍ നേരിടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
സൗരോര്‍ജ നിലയങ്ങളുടെ സ്ഥാപിത ശേഷി വര്‍ധിച്ചിട്ടുണ്ട് : മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ സൗരോര്‍ജ നിലയങ്ങളുടെ ആകെ സ്ഥാപിത ശേഷി 676 മെഗാവാട്ടായി വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി. സൗര പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായി 500 മെഗാവാട്ട് പുരപ്പുറ സൗര നിലയങ്ങളില്‍ നിന്നും 500 മെഗാവാട്ട് സോളാര്‍പാര്‍ക്ക്, ഫ്‌ളോട്ടിംഗ് സോളാര്‍ എന്നിവ മുഖേനയും കൈവരിക്കാനാണു ലക്ഷ്യമിടുന്നത്. നിലവില്‍ ഈ പദ്ധതി വഴി 111.04 മെഗാവാട്ട് ശേഷിയുടെ 25817 സൗര നിലയങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ 100.33 മെഗാവാട്ടിന്റെ 23939 നിലയങ്ങള്‍ കമ്മീഷന്‍ ചെയ്തു. അനെര്‍ട്ട് മുഖേന സൗരോര്‍ജത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.