ആർഭാടം വേണ്ട, മുഖ്യമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കണം; വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് നിർദ്ദേശം നൽകി. ഗാർഡ് ഓഫ് ഓണർ ആർഭാടമാണെന്നും നിലവിലെ സാഹചര്യത്തിൽ ഇത് അനാവശ്യമാണെന്നുമാണ് വിലയിരുത്തൽ.
പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ ഗാർഡ് ഓഫ് ഓണർ എന്തിനാണെന്ന് വി.ഡി. സതീശൻ ചോദിക്കുന്നു. മുഖ്യമന്ത്രി ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ താമസിക്കുമ്പോഴാണ് നിലവിൽ ഗാർഡ് ഓഫ് ഓണർ നൽകിവരുന്നത്. ആർഭാടം പൂർണ്ണമായും ഒഴിവാക്കി ഗാർഡ് ഓഫ് ഓണർ നൽകുന്നതിൽ മാറ്റങ്ങൾ വരുത്താൻ പൊലീസ് ആലോചന തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലും ക്രമീകരണങ്ങളിലും നേരത്തെ വി.ഡി. സതീശൻ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന നിർബന്ധബുദ്ധിയോടെയാണ് ഈ തീരുമാനങ്ങൾ. പൈലറ്റും എസ്കോർട്ടും ഒഴികെയുള്ള അനാവശ്യ അകമ്പടി വാഹനങ്ങൾ ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം.
നിലവിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട്-1, എസ്കോർട്ട്-2, ആംബുലൻസ്, സ്പെയർ വാഹനം, സ്ട്രൈക്കർ ഫോഴ്സ് എന്നിവ ഉൾപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹം. സുരക്ഷാ റിപ്പോർട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് ഈ വാഹനങ്ങളുടെ എണ്ണത്തിലും ക്രമീകരണങ്ങളിലും കാലാകാലങ്ങളിൽ വ്യത്യാസങ്ങൾ വരുത്താറുണ്ട്.