കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത മാറുമോയെന്നതില്‍ ഏപ്രില്‍ 13ന് സൂറത്ത് അഡിഷണല്‍ സെഷന്‍സ് കോടതിയിലെ വാദം നിര്‍ണായകമാകും. മോദി പരാമര്‍ശത്തിന്റെ പേരില്‍ കുറ്റക്കാരനാണെന്ന വിധി സസ്പെന്‍ഡ് ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയില്‍ അന്ന് വാദം കേള്‍ക്കും.അയോഗ്യത തുടരുന്നതിനാല്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് രാഹുലിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും അഡിഷണല്‍ സെഷന്‍സ് ജഡ്ജി ആര്.പി. മൊഗേര വഴങ്ങിയില്ല. ഹര്‍ജിക്കാരനെ കേള്‍ക്കണമെന്ന് നിലപാടെടുത്തു. അപകീര്‍ത്തിക്കേസിലെ പരാതിക്കാരനായ ഗുജറാത്തിലെ ബി.ജെ.പി. എം.എല്‍.എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിക്ക് നോട്ടീസ് ഉത്തരവായി. ഏപ്രില്‍ 10നകം മറുപടി സമര്‍പ്പിക്കണം.
രാഹുലിന്റെ അപ്പീലും രണ്ട് അപേക്ഷകളുംഅപകീര്ത്തിക്കേസില് സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കുറ്റക്കാരനാണെന്ന വിധിയും, രണ്ടുവര്‍ഷത്തെ തടവുശിക്ഷയും സസ്പെന്‍ഡ് ചെയ്യാന്‍ രണ്ട് അപേക്ഷകളും സമര്‍പ്പിച്ചു. തടവുശിക്ഷ സസ്പെന്‍ഡ് ചെയ്ത കോടതി 15000 രൂപ ബോണ്ടില്‍ രാഹുലിന് ജാമ്യം അനുവദിച്ചു. അപ്പീല്‍ തീര്‍പ്പാകും വരെ ജാമ്യം തുടരും.കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, സുഖ്വിന്ദര് സിംഗ് സുഖു, ഭൂപേഷ് ബാഗേല്‍ എന്നിവര്‍ സൂറത്തിലെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാല്‍, ദിഗ്വിജയ് സിംഗ്, ആനന്ദ് ശര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പമാണ് രാഹുല്‍ കോടതിയിലെത്തിയത്. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിരുന്നു.