അങ്കമാലിയിൽ ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു; പാപ്പാന് ഗുരുതര പരിക്ക്

എറണാകുളം അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. സംഭവസ്ഥലത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ക്ഷേത്രത്തിലെത്തിച്ച മയ്യനാട് അരുണിമ പാർത്ഥസാരഥി എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടോടിയത്. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ കൊല്ലം സ്വദേശി പ്രദീപിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനയെ ഇതുവരെ തളയ്ക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്. ഇടഞ്ഞ ആനയെ ശാന്തനാക്കാനും സുരക്ഷിതമായി തളയ്ക്കാനുമുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ സജീവമായി നടന്നു വരികയാണ്.