മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്തൊരു ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്തൊരു ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ മുഖ്യമന്ത്രി ഇന്ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ബി.ജെ.പി അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ന്യൂനപക്ഷ വികാരം ഉണര്‍ത്താന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശ്രമിച്ചതു പരാജയപ്പെട്ടതിനു പിന്നാലെയാണ് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ എ.എ.പിക്കെതിരെ കോണ്‍ഗ്രസ് മത്സരിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നിച്ചു മത്സരിക്കാന്‍ എ.എ.പി തയാറായില്ല. അപ്പോള്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസും മത്സരിച്ചു. ഇതൊക്കെ പറയുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും അവിടെ മത്സരിച്ചല്ലോ. ഇവര്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍. 4 ശതമാനം വോട്ട് കൂടി എ.എ.പിക്ക് കിട്ടുമായിരുന്നല്ലോ. എന്നിട്ടാണ് കോണ്‍ഗ്രസ് മത്സരിച്ചതിനെ കുറ്റപ്പെടുത്തുന്നത് വി.ഡി. സതീശന് പരിഹസിച്ചു.
എന്തൊരു ഇരട്ടത്താപ്പാണിത്? കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സി.പി.എമ്മും മത്സരിച്ചല്ലോ. ഇതേ മുഖ്യമന്ത്രിയാണ് അവിടെ പ്രചരണത്തിന് പോയത്. അപ്പോള്‍ അവിടെ കോണ്‍ഗ്രസ് പരാജയപ്പെട്ട് ബി.ജെ.പി വിജയിക്കട്ടെയെന്നാണോ സി.പി.എം അന്ന് കരുതിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ പണ്ട് നിയമസഭയില്‍ എത്തിയ ആളാണ് പിണറായി വിജയന്. 77- ല്‍ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിച്ചത്. 89 ലും ഇവര്‍ തമ്മില്‍ ധാരണയിലായിരുന്നു. എന്നിട്ടാണ് പഴയ കാര്യങ്ങള്‍ മറന്ന് പുതിയ കാര്യങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി എവിടെയാണ് ബി.ജെ.പിയുമായി വീട്ടുവീഴ്ച ചെയ്തത്? ബി.ജെ.പിയുമായി സെറ്റില്‍ ചെയ്തിട്ടുള്ളത് പിണറായി വിജയന്റെ സി.പി.എമ്മാണ്. ബി.ജെ.പി ഫാസിസ്റ്റ് പാര്ട്ടിയല്ലെന്നതാണ് സി.പി.എമ്മിന്റെ പുതിയ കണ്ടുപിടുത്തം.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന ഉറച്ച നിലപാട് എടുക്കുമ്പോഴാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തല്‍. നവ ഫാസിസ്റ്റ് പോലുമല്ലെന്നാണ് പറയുന്നത്. ആകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. സീതാറാം യെച്ചൂരി ഈ നിലപാടല്ലായിരുന്നു സ്വീകരിച്ചത്. യെച്ചൂരിയുടെ എത്രയോ ലേഖനങ്ങള്‍ ഇപ്പോഴുമുണ്ട്. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കാലത്ത് സ്വീകരിച്ച നിലപാട് തള്ളിപ്പറഞ്ഞതിനെയാണ് മുഖ്യമന്ത്രി വിശദീകരിക്കേണ്ടത്. ബി.ജെ.പി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പറയുന്നവരാണ് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കാന്‍ വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
ലീഗ് വിരുദ്ധ പരാമര്‍ശങ്ങളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ലീഗ് എസ്.ഡി.പി.ഐയെയും ജമാഅത്ത് ഇസ്ലാമിയെയും കൂട്ടുപിടിക്കുന്നെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. എന്നാല്‍ യു.ഡി.എഫിനൊപ്പം നില്ക്കാന് ആയിരം കാരണങ്ങളുണ്ടെന്നും എല്‍.ഡി.എഫിനൊപ്പം നില്ക്കാന് ഒരു കാരണം പോലുമില്ലെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞത്. ചാടിയിട്ടും ചാടിയിട്ടും മുന്തിരി കിട്ടാതായപ്പോഴാണ് ലീഗിനെതിരെ വര്‍ഗീയത ആരോപിച്ചത്. ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് സി.പി.എം ലീഗിനെതിരെ വര്‍ഗീയ ആരോപിച്ചത്. അത് തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ട്.