പഹൽഗാം: കാശ്മീരിൽ നിന്ന് മടങ്ങാനുള്ളത് 575 മലയാളികൾ,​ സഹായ നടപടികൾ തുടങ്ങി

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി 575 മലയാളികൾ കാശ്മീരിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാശ്മീരിലുള്ള സഹായം ആവശ്യമുള്ളവർ‌ക്കും ബന്ധുക്കളെ സംബന്ധിച്ച് വിവരം തേടുന്നവർക്കും ഹെല്പ് ഡെസ്ക് നമ്പരിൽ നിന്ന് വിവരങ്ങൾ നൽകുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സർക്കാരിന് ലഭിച്ച 49 രജിസ്ട്രേഷനിലൂടെയാണ് 575 പേർ കാശ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവർക്ക് അവ സജ്ജമാക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എത്തുന്നവർക്ക് സഹായങ്ങൾ നൽകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർ യാത്രക്കായി ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പഹൽഗാം ആക്രമണം മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണ, , മനോഹരമായ കാശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദ സഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്.

ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവർക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹൽഗാം ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *